ചരിത്രം കാത്തിരിക്കുന്നത് വെറും 69 റണ്‍സകലെ; നാലാം ദിവസം തന്നെ ഓസ്‌ട്രേലിയയുടെ തോല്‍വിക്ക് ലോകം സാക്ഷിയാകുമോ?
World Test Championship
ചരിത്രം കാത്തിരിക്കുന്നത് വെറും 69 റണ്‍സകലെ; നാലാം ദിവസം തന്നെ ഓസ്‌ട്രേലിയയുടെ തോല്‍വിക്ക് ലോകം സാക്ഷിയാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th June 2025, 6:55 am

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിജയത്തിനരികില്‍ സൗത്ത് ആഫ്രിക്ക. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ശേഷിക്കുന്നുണ്ട്.

159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ക്രീസില്‍ തുടരുകയാണ്.

സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)

ഓസ്‌ട്രേലിയ: 212 & 207

സൗത്ത് ആഫ്രിക്ക: 138 & 213/2 (56/245) T: 282

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.

മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്‌സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മോശം തുടക്കമാണ്. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.

നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെ കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.

31 പന്തില്‍ 23 റണ്‍സടിച്ച അലക്‌സ് കാരിയാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് മികവിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ 17ാം ഫൈഫര്‍ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അന്തകനായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.

മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ പ്രോട്ടിയാസ് മൈറ്റി ഓസ്‌ട്രേലിയയെന്താണെന്ന് ശരിക്കുമറിഞ്ഞു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലോര്‍ഡ്‌സില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടിയാ പുഷ്പങ്ങള്‍ വാടിക്കരിഞ്ഞു.

ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് വിണ ഇന്നിങ്‌സില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിന്റെയും തെംബ ബാവുമയുടെ ഇന്നിങ്‌സുകളാണ് സൗത്ത് ആഫ്രിക്കന്‍ യൂണിറ്റ് തകര്‍ന്നടിയാതെ കാത്തത്. ബെഡ്ഡിങ്ഹാം 111 പന്തില്‍ 45 റണ്‍സും ക്യാപ്റ്റന്‍ ബാവുമ 84 പന്തില്‍ 36 റണ്‍സും നേടി.

ഒടുവില്‍ 138ല്‍ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: WTC 2025: Final: SA vs AUS: Day 3 Updates