വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിജയത്തിനരികില്‍ സൗത്ത് ആഫ്രിക്ക. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ശേഷിക്കുന്നുണ്ട്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും മര്‍ക്രം സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ ലിസ്റ്റിലും മര്‍ക്രം ഇടം നേടിയിരുന്നു. ഇതിഹാസ താരങ്ങളായ ഡോണ്‍ ബ്രാഡ്മാനും ഗോര്‍ഡന്‍ ഗ്രീനിഡ്ജും അടങ്ങുന്ന പട്ടികയിലേക്കാണ് മര്‍ക്രം കാലെടുത്ത് വെച്ചത്.
അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.
മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.
രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.