| Saturday, 29th August 2026, 8:43 pm

കിവികളെയും കങ്കാരുക്കളെയും വീഴ്ത്തണം, ഫൈനല്‍ കളിക്കണം; എളുപ്പമല്ല, പണിയേറെയാണ്

ആദർശ് എം.കെ.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 ഫൈനല്‍ യോഗ്യതയ്ക്കായുള്ള ഇന്ത്യയുടെ പാത കൂടുതല്‍ ദുഷ്‌കരമാകുന്നു.

ഗല്ലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 165 റണ്‍സിന്റെ ഉജ്ജ്വല ജയം നേടിയ ഇന്ത്യ, കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 213 റണ്‍സിന്റെ ലീഡ് നേടി ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചിരുന്നു.

എന്നാല്‍ അവസാന ദിനം സോനല്‍ ദിനുഷയുടെ (133*) ചെറുത്തുനില്‍പ്പില്‍ ശ്രീലങ്ക മത്സരം സമനിലയിലാക്കി. ഇതോടെ പരമ്പരയില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള 24 പോയിന്റില്‍ 16 പോയിന്റ് (12+4) മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്.

ഈ സമനിലയോടെ പോയിന്റ് പട്ടികയില്‍ 51.52% പോയിന്റ് ശതമാനത്തോടെ (പി.സി.ടി) ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയ (80.00%), ദക്ഷിണാഫ്രിക്ക (75.00%), ന്യൂസിലന്‍ഡ് (72.22%), ബംഗ്ലാദേശ് (55.56%) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഇന്ത്യ

നിലവിലെ പോയിന്റ് ശതമാനം: 51.52%

കളിച്ച മത്സരങ്ങള്‍: 11

ശേഷിക്കുന്ന മത്സരങ്ങള്‍: 7

അടുത്ത പരമ്പര: ന്യൂസിലാന്‍ഡിനെതിരെ രണ്ട് എവേ മത്സരം. ശേഷം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഹോം മത്സരങ്ങള്‍.

ഇന്ത്യയുടെ സാധ്യതകള്‍

ഏഴില്‍ ഏഴ് ജയം (7-0-0)

ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയിന്റ് ശതമാനം 70.37 ആക്കി ഉയര്‍ത്താം. ഫൈനലില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്തി യോഗ്യത നേടാന്‍ ഇത് വളരെ ശക്തമായ സാധ്യത ഉറപ്പുനല്‍കുന്നു.

ആറ് ജയവും ഒരു തോല്‍വിയും (6-1-0)

6 ജയവും 1 തോല്‍വിയുമാണെങ്കില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 64.8 ആകും. ഇന്ത്യയുടെ സാധ്യകള്‍ ഉയര്‍ത്തുമെങ്കിലും ഫൈനല്‍ പ്രവേശനം മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും.

അഞ്ച് ജയം, ഒരു തോല്‍വി, ഒരു സമനില (5-1-1)

60% പോയിന്റ് ശതമാനം മാത്രമാണ് ഇതിലൂടെ ലഭിക്കുക. ഫൈനല്‍ യോഗ്യത നേടാന്‍ ഇത് പര്യാപ്തമല്ല.

അഞ്ച് ജയവും രണ്ട് തോല്‍വിയും (5-2-0)

59.3% പോയിന്റ് ശതമാനം മാത്രം നല്‍കുന്ന ഈ ഫലവും ഫൈനലില്‍ കടക്കാന്‍ പര്യാപ്തമല്ല.

കൊളംബോയിലെ സമനില നല്‍കിയ തിരിച്ചടി കാരണം ഇനി വരാനിരിക്കുന്ന ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം നടത്തേണ്ടിവരും.

Content Highlight: WTC 2025-27 cycle: India’s  chances to reach final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more