'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെ ഒന്നും മാറൂല്ലടോ, അതിങ്ങനെ ഫാന്‍സി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും'
Movie Day
'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെ ഒന്നും മാറൂല്ലടോ, അതിങ്ങനെ ഫാന്‍സി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും'
കെ.സി. പ്രതാപന്‍
Saturday, 14th May 2022, 8:57 am

മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെ ഒന്നും മാറൂല്ലടോ.. അതിങ്ങനെ ഫാന്‍സി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും’

പുഴു പറയുന്ന രാഷ്ട്രീയം വളരെ ശക്തമാണ്. അതിന്നും ഒരു മാറ്റവും കൂടാതെ പല ഭാവത്തില്‍ ഈ സമൂഹത്തില്‍ ഇങ്ങനെ തന്നെ നില നിന്ന് പോകുന്നു. മനുഷ്യന്‍ എത്രയൊക്കെ മാറിയിട്ടും ഇവിടുത്തെ പല സംവിധാങ്ങള്‍ക്കും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്നതിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ് പുഴു.

കുട്ടപ്പന്‍ എന്ന കഥാപാത്രം പറയുന്നുണ്ട് ആര്‍.എല്‍.വിയില്‍ അയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അയാളുടെ കയ്യക്ഷരത്തെ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നും അതില്‍ അയാള്‍ക്ക് ഒരു പരിഭവും ഇല്ലായിരുന്നു എന്നും. തന്റെ കയ്യക്ഷരത്തിന്റെ മഹിമ അല്ല മറിച്ചു അവിടെ അയാളുടെ സന്തോഷം മറ്റൊന്നായിരുന്നു.തന്റെ കയ്യക്ഷരത്തെ വിശ്വസിക്കാത്ത സുഹൃത്ത് പക്ഷെ അയാളുടെ പ്ലേറ്റിന്ന് ഭക്ഷണം വാരി കഴിക്കുമായിരുന്നു എന്നതാണ് !

ഹര്‍ഷദ് കക്കയും -ഷറഫുവും-സുഹാസും ചേര്‍ന്നെഴുതിയ പുഴു

ശക്തമായ തിരക്കഥയും മികച്ച സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തും എന്നതില്‍ ഒരു സംശയവും വേണ്ട!
ഒപ്പം റത്തീന എന്ന പുതുമുഖ സംവിധായക തന്റെ ആദ്യ സിനിമയോട് നീതി പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇല്ല എന്ന് പറയുമ്പോഴും, ഇന്നും ശക്തമായി തന്നെ നില നിന്ന് പോകുന്ന ജാതീയതയുടെയും, ടോക്‌സിക് പേരന്റിങ്ങിന്റെയും ഒരു തുറന്ന് പറച്ചിലാണ് പുഴു. മാറേണ്ടത് നമ്മള്‍ ആണോ നമുക്ക് ചുറ്റും ഉള്ളവര്‍ ആണോ എന്ന ചോദ്യം കൂടെ ഉന്നയിക്കുണ്ട് പുഴു.

മകനെ പല്ല് തേക്കാന്‍ പഠിപ്പിക്കുന്നിടത്തു, ഷര്‍ട്ട് ബട്ടണ്‍ ഇടാന്‍ പഠിപ്പിക്കുന്നിടത്തു, ആരോടൊക്കെ സംസാരിക്കണം/ഇടപെഴകണം എന്ന് പഠിപ്പിക്കുന്നിടത്തൊക്കെ കുട്ടന്‍ എന്ന അച്ഛന്‍ എത്ര മാത്രം ടോക്‌സിക് ആയൊരു പേരെന്റ് ആണെന്ന് മനസിലാകും.

കുട്ടികളെ അമിത നിയന്ത്രണങ്ങളോടെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് ഉള്ളൊരു വാണിംഗ് കൂടെ ആണ് പുഴു. കാരണം ‘അച്ഛനെ എനിക്ക് വെറുപ്പാണ്ണെന്ന് ‘ പറയുന്നിടത്തും, അച്ഛനെ പറ്റി അവന്‍ എഴുതിയ കത്തുകളും ഇങ്ങനെയുള്ള രക്ഷിതള്‍ക്ക് ഒരു തിരിച്ചറിവു ആകേണ്ടതാണ്.

മമ്മൂട്ടി എന്ന മഹാ നടന്റെ അഭിനയ മികവിന്റെ മികച്ചൊരു ഔട്ട്പുട്ട് ആണ് പുഴു. ഇതുപോലൊരു നെഗറ്റീവ് കഥാപാത്രത്തെ അതിന്റെ അങ്ങേ അറ്റം പൂര്‍ണതയില്‍ എത്തിക്കാന്‍ മമ്മൂക്കയെ കൊണ്ട് മാത്രമേ പറ്റൂ.

ഋഷി ആയി അഭിനയിച്ച വാസുദേവും, കുട്ടപ്പന്‍ ആയി അഭിനയിച്ച അപ്പുണ്ണി ശശിയും, അച്ചോള്‍ ആയി വന്ന പാര്‍വതിയും, നെടുമുടി വേണുവും,കോട്ടയം രമേഷും, കുഞ്ചനും, ഇന്ദ്രന്‍സുമൊക്കെ തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്തു എന്നതിന് ഒരു തര്‍ക്കവും ഇല്ല.

സിനിമ പറയുന്ന രാഷ്ട്രീയം വളരെ ബോള്‍ഡ് ആയത് കൊണ്ട് സിനിമയെ അനുകൂലിച്ചും എതിര്‍ത്തും ഒരുപാട് പോസ്റ്റുകള്‍ വരാം. മമ്മൂട്ടി എന്ന മഹാ നടന്റെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ചയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, നല്ല സിനിമയെ അത് പറയുന്ന പച്ചയായ സത്യങ്ങളെ അംഗീകരിക്കാന്‍ കഴിവുള്ളവര്‍ ആണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച സിനിമയാണ് പുഴു.

Content Highlight: writeup about Puzhu Movie Dalit Bramanical Politics