| Friday, 21st February 2025, 4:41 pm

ഇന്റര്‍വെല്‍ വരെ മാസ് ആയി നിന്ന മമ്മൂട്ടിയുടെ കഥാപാത്രം പിന്നീട് കോമാളിയെപ്പോലെയായി, അതോടെ പ്രേക്ഷകര്‍ സിനിമയെ കൈവിട്ടു: പി.വി. ഷാജികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ആളാണ് പി.വി. ഷാജികുമാര്‍. നിരവധി നോവലുകള്‍ രചിച്ച ഷാജികുമാര്‍ ടേക്ക് ഓഫ്, പുത്തന്‍ പണം, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കാളിയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ പുത്തന്‍ പണത്തക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷാജികുമാര്‍.

ചിത്രത്തിന്റെ എഴുത്തില്‍ പങ്കാളിയായതിനോടൊപ്പം കാസര്‍ഗോഡ് സ്ലാങ്ങില്‍ മമ്മൂട്ടിയെ സഹായിക്കുകയും ചെയ്തത് ഷാജികുമാറായിരുന്നു. കാസര്‍ഗോഡ് സ്ലാങ്ങിലെ പല പ്രയോഗങ്ങളും താന്‍ മമ്മൂട്ടിക്ക് പഠിപ്പിച്ചുകൊടുത്തെന്നും അതെല്ലാം വളരെ പെട്ടെന്ന് അദ്ദേഹം ഗ്രാസ്പ്പ് ചെയ്‌തെന്നും ഷാജികുമാര്‍ പറഞ്ഞു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിരുന്നെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചതെന്നും അദ്ദേഹത്തെ അങ്ങനെയൊരു കഥാപാത്രമായി ആരും മുമ്പ് കണ്ടിട്ടില്ലായിരുന്നെന്നും ഷാജികുമാര്‍ പറഞ്ഞു. ഇന്റര്‍വെല്‍ വരെ ആ കഥാപാത്രത്തെ പക്കാ മാസ് ആയിട്ടാണ് അവതരിപ്പിച്ചതെന്നും എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു തോക്കിന്റെ പിന്നാലെ പോകുന്നത് കോമാളിത്തരമായി പലര്‍ക്കും അനുഭവപ്പെട്ടെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ വിട്ടിട്ട് ആ കുട്ടിയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും സിനിമക്ക് തിരിച്ചടിയായെന്നും പ്രേക്ഷകര്‍ ചിത്രത്തെ കൈവിടാന്‍ അതും ഒരു കാരണമായെന്നും ഷാജികുമാര്‍ പറയുന്നു. യൂട്യൂബില്‍ ചിത്രത്തിലെ സീനുകള്‍ക്ക് താഴെ പലരും ഇക്കാര്യം പറയാറുണ്ടെന്നും നിത്യാനന്ദ ഷേണായിയുടെ രണ്ടാം വരവ് പലരും ആഗ്രഹിക്കുന്നുണ്ടെന്നും ഷാജികുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പി.വി. ഷാജികുമാര്‍.

‘പുത്തന്‍പണത്തില്‍ മമ്മൂക്കക്ക് കാസര്‍ഗോഡ് സ്ലാങ് പഠിപ്പിച്ചുകൊടുത്തത് ഞാനായിരുന്നു. മറ്റ് സ്ലാങ്ങുകളെ അപേക്ഷിച്ച് കാസര്‍ഗോഡ് സ്ലാങ് പഠിക്കാന്‍ കുറച്ച് പാടാണ്. പക്ഷേ, ആ സ്ലാങ്ങിലെ കുറച്ച് വാക്കുകള്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ പുള്ളി അത് പെട്ടെന്ന് ഗ്രാസ്പ് ചെയ്‌തെടുത്തു. എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ചതുപോലെ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു.

അതിന്റെ പ്രധാന കാരണം സെക്കന്‍ഡ് ഹാഫാണ്. അതുവരെ മാസ് ആയി പ്രസന്റ് ചെയ്ത മമ്മൂക്കയുടെ ക്യാരക്ടറിനെ പിന്നീട് ഒരു തോക്കിന്റെ പിന്നാലെ ഓടുന്ന കോമാളിയെപ്പോലെയാക്കിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതുപോലെ, സെക്കന്‍ഡ് ഹാഫില്‍ ആ കുട്ടിയുടെ ക്യാരക്ടറിലേക്ക് കഥ ഫോക്കസ് ചെയ്തതും തിരിച്ചടിയായി. ആ പടത്തിന്റെ സീനുകള്‍ യൂട്യൂബില്‍ കാണുമ്പോള്‍ പലരും ഇക്കാര്യം കമന്റില്‍ എഴുതിയിട്ടുണ്ട്. ഷേണായിയുടെ രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്,’ ഷാജികുമാര്‍ പറഞ്ഞു.

Content Highlight: Writer P V Shajikuamr about the failure of Puthan Panam movie

We use cookies to give you the best possible experience. Learn more