| Friday, 25th April 2025, 2:18 pm

'ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്മുഖത്തെ മോഹന്‍ലാലിന് അറിയാമായിരുന്നു', സിനിമ സംഭവിക്കാന്‍ മറ്റ് കാരണങ്ങള്‍ വേണ്ടിയിരുന്നില്ല: കെ.ആര്‍ സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തെ കുറിച്ച് കുറിപ്പുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ കെ.ആര്‍ സുനില്‍.

കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളില്‍ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും പിന്നീടുള്ള യാത്രകളില്‍ അയാളൊരു കഥയായി ഉള്ളില്‍ പരിണമിക്കുകയായിരുന്നെന്നും കെ.ആര്‍ സുനില്‍ പറയുന്നു.

പിന്നീടുള്ള ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞെന്നും അങ്ങനെയാണ് നിര്‍മാതാവ് രഞ്ജിത്തിലെത്തുന്നതെന്നും സുനില്‍ പറയുന്നു.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കഥ കേട്ടെങ്കിലും പല കാരണങ്ങളാല്‍ സിനിമ വൈകിയെന്നും ഒടുവില്‍ തരുണ്‍ മൂര്‍ത്തിയുടെ കടന്നുവരവാണ് വഴിത്തിരിവായതെന്നും കെ. ആര്‍ സുനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളില്‍ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

പിന്നീടുള്ള യാത്രകളില്‍ അയാളൊരു കഥയായി ഉള്ളില്‍ പരിണമിച്ചു. ടാക്സി ഡ്രൈവറായി ജീവിതംകൊണ്ട അയാള്‍ക്കൊരു പേരും വീണു, ഷണ്‍മുഖം!

ഒഴിവുനേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്.

അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹന്‍ലാലിനോളം വലിപ്പം! ആദ്യം കഥ കേട്ടത് മൂന്ന് പേരായിരുന്നു; രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍.

തീര്‍ത്തും സാങ്കല്‍പികമായിരുന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്‍മുഖത്തെ പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും നന്നായി അറിയാമായിരുന്നു. ജീവിതത്തിനും ലൊക്കേഷനുകള്‍ക്കുമിടയിലുള്ള യാത്രകളില്‍ പലയിടങ്ങളില്‍ വെച്ച് അവര്‍ ഷണ്‍മുഖത്തെപ്പോലൊരു ഡ്രൈവറെ പലവട്ടം കണ്ടിട്ടുണ്ടായിരുന്നു! സിനിമ സംഭവിക്കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിവന്നില്ല.

എന്നാല്‍, പല കാരണങ്ങളാല്‍ സിനിമ വൈകി. അതിനിടയില്‍ പലരും വന്നുപോയി, ഞാനും പല സാധ്യതകളിലേക്ക് നീങ്ങി. ഒടുവില്‍, രഞ്ജിത്തേട്ടന്‍ വഴിയുള്ള തരുണിന്റെ കടന്നുവരവ് വലിയ വഴിത്തിരവായി.

എഴുത്തിലെ തരുണിന്റെ ഇടപെടല്‍ തിരക്കഥയ്ക്ക് വീറ് കൂട്ടി, ആ മികച്ച സംവിധായകനിലൂടെ പുതിയ കാലത്തിന്റെ സിനിമയായി.

ചിത്രീകരണത്തിനിടെ, വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന കഥാ സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം മുന്നിലവതരിക്കപ്പെട്ട ചില നേരങ്ങളില്‍ ഞാനും വികാരാധീനനായി.

ഈ യാത്രയില്‍ പല കാലങ്ങളിലായി ഒപ്പം ചേര്‍ന്ന അനേകം മനുഷ്യരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും എന്ന സിനിമ.

പ്രിയപ്പെട്ട ലാലേട്ടന്‍, രഞ്ജിത്തേട്ടന്‍, ആന്റണിച്ചേട്ടന്‍, തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന ഗോഗുല്‍ ദാസ് ഇവരോടാരോടും നന്ദി പറയേണ്ടതില്ല.

സഹപ്രവര്‍ത്തകന്റെ റോളുപേക്ഷിച്ച് സഹോദരനായി കയറിവന്ന് ഉള്ളിലിടംപിടിച്ച തരുണിനോടെന്തിന് സ്നേഹപ്രകടനം.

കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള ഞങ്ങളുടെയെല്ലാം യാത്രയാണിത്. തുടരും ഇന്ന് റിലീസാവുകയാണ്,’ കെ.ആര്‍ സുനില്‍ പറയുന്നു.

Content Highlight: Writer K R Sunil about Thudarum Movie

We use cookies to give you the best possible experience. Learn more