സജി ചെറിയാന്‍ നടത്തിയത് വിമര്‍ശനം അല്ല, വ്യക്തമായ ആക്ഷേപവും പരിഹാസവുമാണ്
FB Notification
സജി ചെറിയാന്‍ നടത്തിയത് വിമര്‍ശനം അല്ല, വ്യക്തമായ ആക്ഷേപവും പരിഹാസവുമാണ്
സുധ മേനോന്‍
Tuesday, 5th July 2022, 6:08 pm

ഇന്ത്യ എന്ന ആധുനികദേശരാഷ്ട്രത്തിന്റെ ആധാരശിലയാണ് ഇന്ത്യന്‍ ഭരണഘടന. ഓരോ ഇന്ത്യന്‍ പൗരനും പൂര്‍ണവിധേയത്വം കാണിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. ഭരണഘടനയിലൂടെയാണ് സ്റ്റേറ്റും ജനതയും തമ്മിലുള്ള ‘സോഷ്യല്‍ കോണ്‍ട്രാക്റ്റ്’ നിയമപരമാകുന്നത്. അതുകൊണ്ടുതന്നെ, ജനങ്ങളുടെ പൊതു ഇച്ഛയെ(General will) പ്രതിനിധീകരിക്കുന്ന ‘സാമൂഹ്യഉടമ്പടി’യായ ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശിയ പ്രസ്ഥാനത്തിലും, ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിലും പ്രതിഫലിച്ചിരുന്ന ഉദാത്തവും മാനവീകവുമായ സാമൂഹ്യ രാഷ്ട്രീയമൂല്യങ്ങള്‍ ഏറ്റവും മനോഹരമായി സന്നിവേശിപ്പിച്ചുകൊണ്ടാണ്, 165 ദിവസം ചര്‍ച്ച ചെയ്ത്, ഇന്ത്യക്ക് വേണ്ടി ഭരണഘടനാനിര്‍മാണ സഭ ആ അടിസ്ഥാനവ്യാകരണം ഉണ്ടാക്കിയത്. എല്ലാ പരിമിതികള്‍ക്കും അപ്പുറം ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്നതും നമ്മുടെ ഭരണഘടനയാണ്.

സജി ചെറിയാന്‍

മഹത്തായ ആ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവെച്ചത് വെറും ‘കുന്തവും കൊടച്ചക്രവും’ ആണെന്ന് ആക്ഷേപിക്കുന്ന സജി ചെറിയാന്‍ ആ വാക്കുകളിലൂടെ പ്രഖ്യാപിക്കുന്നത് ഭരണഘടനയോട് വിധേയത്വമില്ലെന്നും വെറും പുച്ഛം മാത്രമേ ഉള്ളൂ എന്നാണ്. അദ്ദേഹം നടത്തിയത് വിമര്‍ശനം അല്ല, വ്യക്തമായ ആക്ഷേപവും പരിഹാസവും ആണ്. അത് തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവര്‍ അല്ല നമ്മള്‍.

ഓര്‍ക്കണം, സാധാരണ പൗരന്‍ അല്ല പരസ്യമായി ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുന്നത്. ഭരണഘടനയോടു വിശ്വസ്തതയും കൂറും പുലര്‍ത്താമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ മന്ത്രി ആണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട പൊളിറ്റിക്കല്‍ എക്സിക്യൂട്ടിവിന്റെ അവിഭാജ്യ ഭാഗമായ ഒരാള്‍ ആണ്! ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക്, ആ ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് സ്ഥാനം രാജിവെക്കലാണ്.

ഇന്ത്യന്‍ ഭരണഘടനയിലുള്ള അടിയുറച്ച വിശ്വാസമാണ് പൗരത്വസങ്കല്‍പ്പത്തിന്റെ തന്നെ അടിസ്ഥാനം എന്നിരിക്കെ, ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ അദ്ദേഹത്തിന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. അത് ഭരണഘടനാവിരുദ്ധമാണ്.
സജി ചെറിയാന്‍ എത്രയും പെട്ടെന്ന് രാജിവെക്കണം.

സുധ മേനോന്‍
സാമൂഹ്യപ്രവര്‍ത്തക