മലയാളം മുഴങ്ങാന്‍ ആര്‍പ്പോയ് ആപ്പ്
DISCOURSE
മലയാളം മുഴങ്ങാന്‍ ആര്‍പ്പോയ് ആപ്പ്
മുസ്തഫ ദേശമംഗലം
Friday, 26th August 2022, 3:19 pm
മികച്ച ശബ്ദമികവോടെ മലയാളത്തില്‍ ഊന്നിയുള്ള വൈവിധ്യം നിറഞ്ഞ പരിപാടികള്‍ ലോക മലയാളികള്‍ക്ക് കേള്‍ക്കാന്‍ അവസരം ഒരുക്കുകയാണ് ആര്‍പ്പോയ്. അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ 'കളക്ടീവ് ഫേസ് വണ്‍' ആണ് ആര്‍പ്പോയ്‌യുടെ പിന്നില്‍. aarpoy ഇപ്പോള്‍ തികച്ചും സൗജന്യമാണ്.

പ്രവാസികളെ കോവിഡ് പിടികൂടിയപ്പോള്‍ അത് വലിയ ആഘാതത്തിനാണ് വഴിയൊരുക്കിയത്. കാരണം തിരിച്ചു എന്റെ നാട്ടിലെത്തുമെന്നു കരുതി മറുനാടുകളില്‍ ജോലി ചെയ്യുന്നവരാണല്ലോ പ്രവാസികള്‍? അവര്‍ പലരും തിരിച്ചുവരവിനായി കാത്തിരിക്കവെയാണ് പലരെയും മഹാമാരി കയറിപ്പിടിച്ചത്. പലരും മരുഭൂമിയിലെ ആറടി മണ്ണില്‍ അന്ത്യകര്‍മങ്ങള്‍ പോലുമില്ലാതെ മറവുചെയ്യപ്പെട്ടു.

ഉറ്റവരെ ഒടുവില്‍ ഒന്ന് കാണാന്‍ പോലുമാകാത്ത അവകാശ നിഷേധത്തിന്റെ ഇരയാണ് ഈസ. നാട്ടിലേക്ക്, തന്റെ മണ്ണിലേക്ക്, തിരിച്ചെത്തണം എന്നതിയായി ആഗ്രഹിച്ചു, അത് നടക്കാതെ അവിടങ്ങളില്‍ മറവ് ചെയ്യപ്പെട്ടവരില്‍ ഒരാളായ, ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ ആളുടെ മകനാണ് ഈസ. ബ്രിട്ടീഷുകാരന്‍ പാകിസ്ഥാന്‍കാരനാണെന്നു മുദ്രകുത്തപ്പെട്ടതിനെ തുടര്‍ന്ന് കോടതിയില്‍ കയറേണ്ടി വന്ന ബാപ്പയുടെ മകനാണ് ഈസ.

ഈസ തന്റെ മണ്ണിലേക്ക് തന്നെ പ്രതീകാത്മകമായി തിരിച്ചെത്തുകയാണ്, സ്വന്തം മണ്ണില്‍ ലയിക്കാന്‍ വേണ്ടി. ‘മരിച്ചവരെപറ്റി നിയമപുസ്തകത്തില്‍ ഒന്നും പറയുന്നില്ല സാര്‍ അവരെ മണ്ണിട്ട് മൂടണം. അവര്‍ക്ക് പാസ്പോര്‍ട്ടില്ല. ആധാര്‍ കാര്‍ഡില്ല. വോട്ടവകാശമില്ല. ഒന്നുമില്ല സാര്‍’ എന്നാണു ഈസയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള പൊലീസ് അന്വേഷണ മറുപടിയായി കഥാകൃത്ത് പറഞ്ഞുവെക്കുന്നത്.

മറുപടിയെന്നോണം ‘ഈ നാട് ഞങ്ങളുടെ പൈപ്പ് തുറന്നിട്ട കരച്ചിലില്‍നിന്നുണ്ടായതാണ്, സമീറെ,’ എന്ന് ഈസ മകനോട് പറയുന്നുണ്ട്.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ ഈസ എന്ന കഥ 360 ഡിഗ്രിയിലെ (Binaural) ശബ്ദ മികവോടെ ആര്‍പ്പോയ് (aarpoy) എന്ന മലയാളം ആപ്പില്‍ കേള്‍ക്കാം. കഥ അവതരിപ്പിക്കുന്നത് സംവിധായകന്‍ പദ്മ ചന്ദ്ര പ്രസാദ് ആണ്. ഇങ്ങനെ വളരെ വ്യത്യസ്തമായ കുറെ മലയാളം പരിപാടികള്‍ ആര്‍പ്പോയ് കേള്‍വിക്കായി ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ശബ്ദസരണി ആപ്പ് ആണ് aarpoy എന്ന് പറയാവുന്നതാണ്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരാണ് ആര്‍പ്പോയ് ആഗോള മലയാളികള്‍ക്കായി പ്രകാശനം ചെയ്തത്. മികച്ച ശബ്ദമികവോടെ മലയാളത്തില്‍ ഊന്നിയുള്ള വൈവിധ്യം നിറഞ്ഞ പരിപാടികള്‍ ലോക മലയാളികള്‍ക്ക് കേള്‍ക്കാന്‍ അവസരം ഒരുക്കുകയാണ് ആര്‍പ്പോയ്.

ഓഡിയോ ആപ്പുകള്‍ക്ക് പ്രചാരം വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് എല്ലാ തലമുറയിലുമുള്ള മലയാളികളെ അല്ലെങ്കില്‍ മലയാളം കേട്ടാല്‍ തിരിച്ചറിയാവുന്നവരെ പുതിയൊരു ആസ്വാദന ലോകത്തേക്ക് കൊണ്ടുപോവുക, അതുവഴി മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തുക എന്നതാണ് ആര്‍പ്പോയ് ലക്ഷ്യമിടുന്നത്. ലോകത്താകമാനമുള്ള മലയാളികള്‍ക്ക് അവരുടെ വേറിട്ട അനുഭവങ്ങളും സൃഷ്ടികളും ആര്‍പ്പോയിലൂടെ അവതരിപ്പിക്കാന്‍ അവസരമുണ്ട്.

മൂന്നര പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന അമാനുള്ളയുടെ അനുഭവങ്ങളെ അധികരിച്ചുള്ള, പ്രിയ നടന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ‘അകലെ’ എന്ന പരമ്പര, ലോക സംഗീതശാഖകളെ പരിചയപ്പെടുത്തുന്ന, ഗായിക സയനോര അവതരിപ്പിക്കുന്ന എട്ടുദിക്കും പാട്ട്, ലോകത്തിന്റെ പല കോണുകളിലുമുള്ള സ്ത്രീ കൂട്ടായ്മകളെക്കുറിച്ചുള്ള ‘പലവള്‍ കഥകള്‍’, മുന്നേറുന്ന ലോകത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പലവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘പറയാതിനി വയ്യ’, ഫുട്ബാള്‍ കളിക്കുമ്പോഴും സൈക്കിളിങിന് പോകുമ്പോഴും നൃത്തം അഭ്യസിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഡോ. കൃഷ്ണകുമാറിന്റെ ‘കളിക്കാര്യം’, കൊച്ചുകുട്ടികള്‍ അവതരിപ്പിക്കുന്ന കഥകളുടെയും പാട്ടിന്റെയും ‘കഥചെപ്പ്’, പലവിധ ജോലികളില്‍ വ്യാപൃതരായിരിക്കുന്നവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ‘പണിപ്പെരുമ’, രാമനാഥന്‍ മാഷിന്റെ അത്ഭുത വാനരന്മാര്‍ എന്ന കൃതി തുടങ്ങിയ പാരമ്പരകള്‍ക്കു പുറമെ, മാപ്പിളപ്പാട്ടിന്റെ തനതു ഈരടികള്‍, നാടന്‍ പാട്ടിന്റെ വ്യത്യസ്ത കൈവഴികള്‍ എന്നിവ ഇപ്പോള്‍ ആര്‍പ്പോയില്‍ ഉണ്ട്.

കൂടാതെ ഇടുക്കിയിലെ വനാന്തരങ്ങളില്‍ നിന്ന് പകര്‍ത്തിയ 360 ഡിഗ്രി പ്രകൃതിശബ്ദങ്ങളും മട്ടാഞ്ചേരിയിലെ അധോലോക കഥപറയുന്ന അഭിമുഖങ്ങളും ആര്‍പ്പോയില്‍ കേള്‍ക്കാം. ഗാനലോകത്തെ ഓര്‍മിക്കുന്ന, ലോക ഫുട്‌ബോളിനെയും ചരിത്രത്തെയും വിശദീകരിക്കുന്ന ആരോഗ്യമേഖലയെക്കുറിച്ചുള്ള പരിപാടികള്‍ തുടങ്ങി, നിയമ മേഖല, ക്യാമ്പസ്, അധ്യാപക ജീവിതം, കൃഷി, പുഴ, ഓത്തുപള്ളി എന്നിങ്ങനെ നീണ്ടുപോകുന്ന ഹൃദ്യവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികള്‍ ആര്‍പ്പോയ്ക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. മലയാളത്തിന്റെ തനിമയും ഭാഷാ ചാരുതയും നിലനിര്‍ത്തിക്കൊണ്ട് നിലവാരമുള്ള, വിജ്ഞാനപ്രദമായ പരിപാടികള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണകളായി ആര്‍പ്പോയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മൊബൈല്‍ ഫോണിലോ ടാബ്ലെറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ആണ് ആര്‍പ്പോയ്. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികള്‍ക്ക് പകരം എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയുന്നവയാണ് ആര്‍പ്പോയിലുള്ള പരിപാടികള്‍. മലയാളത്തില്‍ ആദ്യമായി 360 ഡിഗ്രിയില്‍ 3D ശബ്ദത്തോടെയുള്ള പരിപാടികളും ആര്‍പ്പോയില്‍ ഉണ്ട്. ‘നാളെയുടെ മാധ്യമം’ എന്ന് ലോകം വിശേഷിപ്പിക്കുന്ന ശ്രവ്യമാധ്യമ ലോകത്ത് മലയാളത്തിന്റെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ് aarpoy.

യാത്ര ചെയ്യുമ്പോഴും പണിയെടുക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം ഹെഡ്ഫോണ്‍ വെച്ച് ആര്‍പ്പോയ് ആസ്വദിക്കാം. ഒരിക്കല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഏത് പരിപാടിയും എപ്പോള്‍ വേണമെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കാം. aarpoy ഇപ്പോള്‍ തികച്ചും സൗജന്യമാണ്.

അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ ‘കളക്ടീവ് ഫേസ് വണ്‍’ ആണ് ആര്‍പ്പോയ്‌യുടെ പിന്നില്‍. നിലവാരമുള്ള വിനോദ വിജ്ഞാന പരിപാടികളിലൂടെ ആഗോളമലയാളി സമൂഹത്തിന് മാതൃഭാഷയുടെ സൗരഭ്യം ആര്‍പ്പോയിലൂടെ ആസ്വദിക്കാനാകും.

മലയാളം മുഴങ്ങട്ടെ! എന്നതാണ് ആര്‍പ്പോയ്‌യുടെ ആപ്തവാക്യം. ഡൗണ്‍ലോഡ് ചെയ്തും പങ്കുവെച്ചും ഈ ദൗത്യത്തില്‍ പങ്കാളികളാകൂ. നമുക്ക് മലയാളം ലോകമാകമാനമുള്ള സഹോദരങ്ങളുമൊത്ത് ആഘോഷിക്കാം.

Content Highlight: Write up about Aarpoy app that delivers Malayalam stories and literary works in audio format

മുസ്തഫ ദേശമംഗലം
ചലചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍