| Friday, 9th January 2026, 10:57 pm

അടിക്ക് തിരിച്ചടി; മുംബൈയ്ക്കെതിരെ ബെംഗളൂരു കിതക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കുകയാണ്. മറുപടി ബാറ്റിങ്ങില്‍ ആര്‍.സി.ബിയും കിതക്കുകയാണ്. നിലവില്‍ ആര്‍.സി.ബി ഏഴ് വിക്കറ്റിന് 121 റണ്‍സ് എടുത്തിട്ടുണ്ട്. നാദിന്‍ ഡി ക്ലാര്‍ക്ക് (31 പന്തില്‍ 35), പ്രേമ റാവത് (0 പന്തില്‍ 0) എന്നിവരാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളുരുവിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ അത് ടീമിന് മുതലാക്കാന്‍ സാധിച്ചില്ല. അനായാസം വിജയലക്ഷ്യം നേടാമെന്ന് ഉറച്ച് ക്രീസിലെത്തിയ ബെംഗളുരുവിന്റെ മധ്യനിര തകര്‍ന്നതാണ് വിനയായത്.

ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസും സ്മൃതി മന്ഥാനയും അരുന്ധതി റെഡ്ഡിയുംഅല്ലാത്ത താരങ്ങള്‍ക്ക് തിളങ്ങാനായില്ല. ഗ്രേസ് 12 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ മന്ഥാന 13 പന്തില്‍ 18 റണ്‍സും സ്‌കോര്‍ ചെയ്തു. അരുന്ധതി 25 പന്തില്‍ 20 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മറ്റുള്ള താരങ്ങള്‍ എല്ലാം നിരാശപ്പെടുത്തി.

മുംബൈക്കായി അമേലിയ കെറും നിക്കോള കാരിയും രണ്ട് വിക്കറ്റ് നേടി. ഒപ്പം നാറ്റ് സിവര്‍ ബ്രണ്ട്, ശബ്‌നം ഇസ്മായില്‍, അമന്‍ജോത് കൗര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ പതറിയ ടീമിനെ സജ്‌ന സജീവന്‍ – നിക്കോള കാരി സഖ്യമാണ് പിടിച്ചുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നാലിന് 67 എന്ന നിലയിലായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍. സജ്‌നയും നിക്കോളയും ചേര്‍ന്ന് ഉയര്‍ത്തിയ 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന് കരുത്തായത്.

മത്സരത്തില്‍ സജ്‌ന 25 പന്തില്‍ 45 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. നിക്കോള 29 പന്തില്‍ 40 റണ്‍സ് സ്‌കോര്‍ ചെയ്തു സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. ഒപ്പം ജി. കമാലിനി (28 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 20) എന്നിവരും മികവ് പുലര്‍ത്തി.

ബെംഗളൂരുവിനായി നാദിന്‍ ഡി ക്ലാര്‍ക്ക് നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി തിളങ്ങി. ലൗറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: WPL: Royal Challegers Bengaluru reels off defeat against Mumbai Indians

We use cookies to give you the best possible experience. Learn more