വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.
മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സ് 166ന് പുറത്തായി. ഇതോടെ ഡബ്ല്യൂ.പി.എല്ലില്‍ ഒരിക്കല്‍പ്പോലും ജയന്റ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക് നിലനിര്‍ത്താനും മുംബൈയ്ക്കായി.
വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്ന് എഡിഷനിലുമായി ഏഴ് തവണയാണ് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്‌സും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാറ്റ് സിവര്‍ ബ്രണ്ടിന്റെയും ഹെയ്‌ലി മാത്യൂസിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബ്രണ്ട് 44 പന്തില് 77 റണ്‍സടിച്ചപ്പോള്‍ 50 പന്തില്‍ 70 റണ്‍സാണ് മാത്യൂസ് സ്വന്തമാക്കിയത്.
മുംബൈയ്ക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും അമേലിയ കേര്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ടും ഷബ്‌നം ഇസ്‌മൈലും ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: WPL: Mumbai Indians never lost a match against Gujarat Giants