| Thursday, 27th November 2025, 8:21 pm

ആര്‍ക്കും വേണ്ടാതെ മിന്നു മണി; ആശയ്ക്ക് പുറമെ ലോട്ടറിയടിച്ച് വീണ്ടും മലയാളി താരം

സ്പോര്‍ട്സ് ഡെസ്‌ക്

2026 വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ അണ്‍സോള്‍ഡായി മലയാളി സൂപ്പര്‍ താരം മിന്നു മണി. മൂന്ന് സീസണിലും ദല്‍ഹി ക്യാപ്പില്‍സിനായി കളത്തിലിറങ്ങിയ താരത്തെ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

അതേസമയം, മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സൂപ്പര്‍ ഫിനിഷര്‍ സജന സജീവനെ നിലനിര്‍ത്തി. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 75 ലക്ഷം നല്‍കി മുംബൈ കൈവിടാതെ കാത്തു.

2024 വനിതാ പ്രീമിയര്‍ ലീഗിലാണ് താരം മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു എതിരാളികള്‍. ഈ മത്സരത്തില്‍ മുംബൈയ്ക്കായി നേടിയ വിജയ റണ്‍സ് മാത്രം മതി ഏതൊരു ക്രിക്കറ്റ് ആരാധകനും സജനയെ ഓര്‍ത്തുവെക്കാന്‍.

വിജയിക്കാന്‍ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന, ഡബ്ല്യൂ.പി.എല്ലില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആ സീസണിലെ ഏറ്റവും മികച്ച ക്യാച്ചും സജനയുടെ പേരില്‍ തന്നെയായിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ യു.പി വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ സോഫി എക്കല്‍സ്റ്റോണിനെ പുറത്താക്കാന്‍ കൈപ്പിടിയിലൊതുക്കിയ ക്യാച്ചാണ് ടൂര്‍ണമെന്റിന്റെ ക്യാച്ചായി അടയാളപ്പെടുത്തപ്പെട്ടത്.

മറ്റൊരു മലയാളി താരം ആശ ശോഭനയെ യു.പി വാറിയേഴ്‌സ് സ്വന്തമാക്കിയിരുന്നു. 1.10 കോടി നല്‍കിയാണ് വാറിയേഴ്‌സ് ലെഗ് ബ്രേക്കറെ ടീമിലെത്തിച്ചത്.

സജനയ്ക്ക് പുറമെ മറ്റ് മികച്ച ബിഡ്ഡുകളും ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നടത്തിയിരുന്നു.

താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരങ്ങള്‍

അമേലിയ കേര്‍ – 3 കോടി

സജന സജീവന്‍ – 75 ലക്ഷം

ഷബ്‌നം ഇസ്‌മൈല്‍ – 60 ലക്ഷം

നിക്കോള കാരി – 30 ലക്ഷം

സംസ്‌കൃതി ഗുപ്ത – 20 ലക്ഷം

റാഹില ഫിര്‍ദൗസ് – 10 ലക്ഷം

Content Highlight: WPL 2026: Mumbai Indians acquired Sajana Sajeevan

Latest Stories

We use cookies to give you the best possible experience. Learn more