ഒറ്റയടിക്ക് സാലറി വര്‍ധിച്ചത് 1,000 ശതമാനം! ബമ്പറിനേക്കാള്‍ വലിയ ലോട്ടറിയടിച്ച് നമ്മുടെ സ്വന്തം മലയാളി
WPL
ഒറ്റയടിക്ക് സാലറി വര്‍ധിച്ചത് 1,000 ശതമാനം! ബമ്പറിനേക്കാള്‍ വലിയ ലോട്ടറിയടിച്ച് നമ്മുടെ സ്വന്തം മലയാളി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th November 2025, 1:07 pm

2026 വനിതാ പ്രീമിയര്‍ ലിഗിന് മുന്നോടിയായയുള്ള താരലേലം അവസാനിച്ചതോടെ പുതിയ സീസണിനുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്. 277 താരങ്ങളാണ് താരലേലത്തിന്റെ ഭാഗമായത്. ഇതില്‍ 67 താരങ്ങള്‍ അഞ്ച് ടീമുകളിലായി സ്ഥാനമുറപ്പിച്ചു.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയത്. 3.2 കോടി നല്‍കി യു.പി വാറിയേഴ്‌സ് താരത്തെ ടീമിലെത്തിച്ചു.

ദീപ്തിയടക്കം 11 താരങ്ങള്‍ക്കാണ് ഒരു കോടിയിലേറെ തുക ലഭിച്ചത്. മലയാളി താരം ആശ ശോഭനയാണ് ഇക്കൂട്ടത്തിലൊരാള്‍. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മലയാളി ലെഗ് ബ്രേക്കറെ 1.1 കോടി രൂപയ്ക്ക് യു.പി വാറിയേഴ്‌സാണ് ടീമിലെത്തിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നാണ് ആശ യു.പിയുടെ തട്ടകത്തിലെത്തുന്നത്. കന്നിക്കിരീടം തേടുന്ന വാറിയേഴ്‌സിന്റെ ബൗളിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ടീം ലേലത്തില്‍ കൈക്കൊണ്ടത്.

ആശ ശോഭന | Photo: WPL X.com

പത്ത് ലക്ഷമായിരുന്നു താരത്തിന്റെ നേരത്തെയുണ്ടായിരുന്ന സാലറി. അണ്‍ക്യാപ്ഡ് താരമായിരിക്കവെയാണ് ആശയെ ബെംഗളൂരു സ്വന്തമാക്കിയത് എന്നതിനാലാണ് ഇത്രയും കുറവ് സാലറി താരത്തിന് ലഭിച്ചത്.

എന്നാല്‍ ഇപ്പോള്‍ കോടിപതിയായതോടെ താരത്തിന്റെ സാലറി ആയിരം മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഏറ്റവുമധികം ശതമാനം സാലറി വര്‍ധിച്ചതും ആശ ശോഭനയ്ക്ക് തന്നെയാണ്.

ഡബ്ല്യൂ.പി.എല്‍ 2026ല്‍ ഏറ്റവുമധികം ശതമാനം സാലറി വര്‍ധനവ്

(താരം – നിലവിലെ ടീം – ആദ്യത്തെ സാലറി – നിലവിലെ സാലറി – വര്‍ധനവ്-ശതമാനത്തില്‍)

ആശ ശോഭന – യു.പി വാറിയേഴ്‌സ് – 10 ലക്ഷം – 1.1 കോടി – 1,000%

ഷിനെല്‍ ഹെന്‌റി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.3 കോടി – 333.33%

ശിഖ പാണ്ഡേ – യു.പി വാറിയേഴ്‌സ് – 60 ലക്ഷം – 2.4 കോടി – 300%

സോഫി ഡിവൈന്‍ – ഗുജറാത്ത് ജയന്റ്‌സ് – 50 ലക്ഷം – 2.0 കോടി – 300%

അമേലിയ കേര്‍ – മുംബൈ ഇന്ത്യന്‍സ് – 1.0 കോടി – 3 കോടി – 200%

2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഡബ്ല്യൂ.പി.എല്‍ കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കാണ് ആശ ശോഭന വഹിച്ചിരുന്നത്. സീസണില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയാങ്ക പാട്ടീലിന് ശേഷം സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ആശയായിരുന്നു.

വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് സീസണുകളിലായി ഇതുവരെ കളിച്ചത് 15 മത്സരങ്ങള്‍ വീഴ്ത്തിയത് 7.6 എക്കോണമിയില്‍ 17 വിക്കറ്റുകള്‍. 5/22 ആണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും താരത്തിന് വിളിയെത്തിയിരുന്നു. 2024 മെയ് മാസത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി-20 പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

33 വയസും 51 ദിവസവും പ്രായമുള്ളപ്പോള്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ആശ, ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ആശ ശോഭന | Photo: ICC Instagram

2008ല്‍, തന്റെ 31ാം വയസില്‍ അരങ്ങേറ്റം കുറിച്ച സീമ പൂജാരിയുടെ റെക്കോഡും ഇതോടെ ആശ ശോഭന മറികടന്നു.

അതേ വര്‍ഷം ജൂണില്‍ ഇന്ത്യയ്ക്കായി ഏകദിനത്തിലും ആശ അരങ്ങേറി. അന്ന് 33 വയസും 92 ദിവസവുമായിരുന്നു ആശയുടെ പ്രായം.

ഡബ്ല്യൂ.പി.എല്‍ 2026ല്‍ യു.പി നിരയില്‍ കരുത്താകാന്‍ ഈ മലയാളി ലെഗ് ബ്രേക്കറുമുണ്ടാകും. കിരീടം തന്നെ ലക്ഷ്യമിട്ടാകും ടൂര്‍ണമെന്റിന്റെ നാലാം സീസണില്‍ വാറിയേഴ്സ് കളത്തിലിറങ്ങുക.

 

Content Highlight: WPL 2026: Asha Shobana tops the list of biggest salary hikes