വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 121 റണ്‍സിന്റെ വിജയലക്ഷ്യം. വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് മുംബൈ ഗുജറാത്തിനെ കുഞ്ഞന്‍ സ്‌കോറില്‍ തളച്ചത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞു. ഗുജറാത്തിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങളെ ഒറ്റയക്കത്തിന് പുറത്താക്കിയാണ് മുംബൈ മത്സരത്തില്‍ തുടക്കത്തിലേ മേല്‍ക്കൈ നേടിയത്.
പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിന്റെ നാല് വിക്കറ്റുകള്‍ മുംബൈ ബൗളര്‍മാര്‍ പിഴുതെറിഞ്ഞു. വിക്കറ്റ് കീപ്പര്‍ ബെത് മൂണി (മൂന്ന് പന്തില്‍ ഒന്ന്), ലോറ വോള്‍വാര്‍ഡ് (ഏഴ് പന്തില്‍ നാല്), ഡയലന്‍ ഹേമലത (11 പന്തില്‍ ഒമ്പത്), ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ (പത്ത് പന്തില്‍ പത്ത്) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് നഷ്ടപ്പെട്ടത്.
ഇതോടെ തങ്ങളുടെ പേരിലുണ്ടായിരുന്ന ഒരു അനാവശ്യ റെക്കോഡ് ഊട്ടിയുറപ്പിക്കാനും ഗുജറാത്തിനായി. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഏറ്റവുമധികം തവണ നാലോ അതിലധികമോ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ടീം എന്ന അനാവശ്യ നേട്ടമാണ് ജയന്റ്‌സ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിനായി ഹെയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. അമേലിയ കേറും നാറ്റ് സ്‌കിവര്‍ ബ്രണ്ടും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഷബ്‌നിം ഇസ്‌മൈലും അമന്‍ജോത് കൗറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: WPL 2025: Gujarat Giants tops the unwanted record of instances of teams losing 4+ wickets in the powerplay