| Friday, 14th March 2025, 8:28 am

മൂന്നാം സീസണില്‍ മൂന്നാം ഫൈനല്‍, അതില്‍ രണ്ടിലും തോല്‍വി; ഇനിയൊരു തോല്‍വി താങ്ങാനാകില്ല

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്റെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ആദ്യ സീസണിലേതിന് സമാനമായി മറ്റൊരു മുംബൈ – ദല്‍ഹി കിരീടപ്പോരാട്ടത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ഇത് മൂന്നാം തവണയാണ് ക്യാപ്പിറ്റല്‍സ് ഫൈനലിന് യോഗ്യത നേടുന്നത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോടും രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും പരാജയപ്പെട്ട് കിരീടം അടിയറവ് വെച്ച ക്യാപ്പിറ്റല്‍സ് മൂന്നാം ഊഴത്തില്‍ കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

നാളെയാണ് (ശനി) ഡബ്ല്യൂ.പി.എല്ലിന്റെ മൂന്നാം സീസണിന്റെ കിരീടപ്പോരാട്ടം. ബ്രാബോണ്‍ സ്‌റ്റേഡിയമാണ് വേദി.

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹര്‍മനും സംഘവും രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്.

കഴിഞ്ഞ ദിവസം ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സ് 166ന് പുറത്തായി. ഇതോടെ ഡബ്ല്യൂ.പി.എല്ലില്‍ ഒരിക്കല്‍പ്പോലും ജയന്റ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക് നിലനിര്‍ത്താനും മുംബൈയ്ക്കായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാറ്റ് സിവര്‍ ബ്രണ്ടിന്റെയും ഹെയ്‌ലി മാത്യൂസിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബ്രണ്ട് 44 പന്തില് 77 റണ്‍സടിച്ചപ്പോള്‍ 50 പന്തില്‍ 70 റണ്‍സാണ് മാത്യൂസ് സ്വന്തമാക്കിയത്.

12 പന്തില്‍ 300.00 സ്‌ട്രൈക് റേറ്റില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്റെ പ്രകടനവും നിര്‍ണായകമായി. നാല് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 213ലെത്തി.

ഗുജറാത്തിനായി ഡാനിയല്‍ ഗിബ്‌സണ്‍ രണ്ട് വിക്കറ്റും കേശ്‌വീ ഗൗതം ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സിന് തുടക്കം പാളി. ബെത് മൂണി (അഞ്ച് പന്തില്‍ ആറ്), ഹര്‍ലീന്‍ ഡിയോള്‍ (ഒമ്പത് പന്തില്‍ എട്ട്), ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്ണര്‍ (നാല് പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.

34 റണ്‍സുമായി ഡാനിയല്‍ ഗിബ്‌സണും 31 റണ്‍സുമായി ഫോബ് ലീച്ച്ഫീല്‍ഡും 30 റണ്‍സ് നേടിയ ഭാര്‍ത് ഫള്‍മൈലും ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മുംബൈ ജയന്റ്‌സിന്റെ കുതിപ്പിന് തടയിട്ടു.

ഒടുവില്‍ 19.2 ഓവറില്‍ ജയന്റ്‌സ് 166ന് പുറത്തായി.

മുംബൈയ്ക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും അമേലിയ കേര്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ നാറ്റ് സിവർ ബ്രണ്ടും ഷബ്‌നം ഇസ്‌മൈലും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: WPL 2025: Delhi Capitals will face Mumbai Indians in the final

We use cookies to give you the best possible experience. Learn more