വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്റെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ആദ്യ സീസണിലേതിന് സമാനമായി മറ്റൊരു മുംബൈ – ദല്‍ഹി കിരീടപ്പോരാട്ടത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ഇത് മൂന്നാം തവണയാണ് ക്യാപ്പിറ്റല്‍സ് ഫൈനലിന് യോഗ്യത നേടുന്നത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോടും രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും പരാജയപ്പെട്ട് കിരീടം അടിയറവ് വെച്ച ക്യാപ്പിറ്റല്‍സ് മൂന്നാം ഊഴത്തില്‍ കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹര്‍മനും സംഘവും രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്.
കഴിഞ്ഞ ദിവസം ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സ് 166ന് പുറത്തായി. ഇതോടെ ഡബ്ല്യൂ.പി.എല്ലില്‍ ഒരിക്കല്‍പ്പോലും ജയന്റ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക് നിലനിര്‍ത്താനും മുംബൈയ്ക്കായി.
മുംബൈയ്ക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും അമേലിയ കേര്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ നാറ്റ് സിവർ ബ്രണ്ടും ഷബ്‌നം ഇസ്‌മൈലും ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: WPL 2025: Delhi Capitals will face Mumbai Indians in the final