ഈ ക്യാപ്റ്റന് വേണ്ടി ഞാനെന്റെ ജീവന്‍ കൊടുക്കും: ഗംഭീര്‍
Cricket
ഈ ക്യാപ്റ്റന് വേണ്ടി ഞാനെന്റെ ജീവന്‍ കൊടുക്കും: ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th May 2020, 11:27 am

മുംബൈ: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റില്‍ നിരവധി ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സൗരവ് ഗാംഗുലി തൊട്ട് വിരാട് കോഹ്‌ലി വരെയുള്ളവര്‍ക്ക് കീഴില്‍ ഗംഭീര്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

എന്നാല്‍ താരതമ്യേന കുറച്ച് ടെസ്റ്റില്‍ മാത്രം ഇന്ത്യയെ നയിച്ച കുംബ്ലെയാണ് തന്നില്‍ ഏറ്റവും വിശ്വാസമര്‍പ്പിച്ചിരുന്ന ക്യാപ്റ്റനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീര്‍. കുംബ്ലെയുടെ ടീമില്‍ തനിക്ക് സ്ഥാനമുറപ്പായിരുന്നെന്നും ഗംഭീര്‍ ഓര്‍ത്തെടുത്തു.

‘ഞാനും സെവാഗും ഒരിക്കല്‍ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുംബ്ലെ അടുത്ത് വന്ന് പറഞ്ഞു, ഓസീസിനെതിരായ പരമ്പരയിലുടനീളം നിങ്ങള്‍ തന്നെയായിരിക്കും ഓപ്പണര്‍മാര്‍. നിങ്ങള്‍ എട്ട് തവണ ഡക്കില്‍ പുറത്തായാലും അതില്‍ മാറ്റമുണ്ടാകില്ല. എന്റെ കരിയറില്‍ അതിന് മുമ്പും ശേഷവും അത്തരം വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഞാനെന്റെ ജീവന്‍ നല്‍കും’-ഗംഭീര്‍ പറയുന്നു.

ആ പരമ്പരയില്‍ ഗംഭീര്‍ ഇരട്ടസെഞ്ച്വറി നേടിയാണ് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് കീഴിലും ഗംഭീര്‍ കളിച്ചിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്ക് ലഭിച്ചത് പോലെ ദീര്‍ഘമായ ക്യാപ്റ്റന്‍സി കരിയര്‍ കുംബ്ലെയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരുപാട് റെക്കോഡുകള്‍ അദ്ദേഹം സ്വന്തമാക്കിയേനെയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 14 ടെസ്റ്റിലാണ് കുംബ്ലെ ഇന്ത്യയെ നയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: