ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ക്കഥയാകുന്ന വംശീയാക്രമണം; ലോകത്തിലെ ഏറ്റവും മോശം ആരാധകരാണ് ഇറ്റലിയിലേതെന്ന് കളിക്കാര്‍
serie A
ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ക്കഥയാകുന്ന വംശീയാക്രമണം; ലോകത്തിലെ ഏറ്റവും മോശം ആരാധകരാണ് ഇറ്റലിയിലേതെന്ന് കളിക്കാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th December 2018, 11:35 am

വംശീയാധിക്ഷേപം നടത്തിയ ആരാധകര്‍ക്കെതിരെ നടപടിയുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാന്‍ രംഗത്ത്. ഇന്റര്‍മിലാന്‍-നാപ്പോളി മത്സരത്തിനിടയിലാണ് നാപ്പോളി താരമായ കൗലിബലിക്ക് മിലാന്‍ ആരാധകരില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. മണിക്കൂറുകളോളം വംശീയ ചാന്റുകള്‍ നടത്തിയ മിലാന്‍ അള്‍ട്രാകളെ നിശബ്ദരാക്കാന്‍ സ്റ്റേഡിയത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തേണ്ടി വന്നു.

ഇന്റര്‍ മിലാന്റെ 110 വര്‍ഷത്തെ ചരിത്രം അറിയാത്തവരാണ് ഇങ്ങനെ ചെയ്തത്. ക്ലബിന്റെ ലക്ഷ്യം കൂട്ടായ്മയും പുരോഗതിയും മുന്നേറ്റവുമാണ്. ഇത്തരക്കാരെ വെച്ചുപുറക്കില്ല. ക്ലബ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.

Image result for racial abuse in serie a

വിവാദത്തിന് പിന്നാലെ കൗലിബലിയെ പിന്തുണച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. താങ്കള്‍ ആദരവ് അര്‍ഹിക്കുന്നു. ഇതൊന്നും അംഗീകരിക്കാനാകുന്നതല്ല. റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

വിവാദമായ മത്സരത്തെ തുടര്‍ന്ന് ഇന്ററിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍ ക്ലോസ് ഡോറിലാകും നടക്കുക. ആരാധകര്‍ക്ക് പ്രവേശനമുണ്ടാകില്ല. കാറ്റലോണിയ പ്രക്ഷോഭത്തിനിടെ ക്യാംപ് നൗവില്‍ നടന്ന ബാര്‍സിലോന- ലാസ് പാമാസ് മത്സരം ക്ലോസ് ഡോറിലാണ് നടന്നത്.

ഇറ്റാലിയന്‍ ലീഗ് ഇതിന് മുമ്പും വംശീയ അധിക്ഷേപങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. റാസിസ്റ്റ് ചാന്റുകളാല്‍ കുപ്രസിദ്ധരാണ് സീരി എ ആരാധകര്‍. ഇറ്റലിയുടെ തന്ന ബെലോടെല്ലിയാണ് വംശീയവംറിയുടെ മറ്റൊരു ഇര. ഇന്റര്‍ മിലാന്‍ താരമായിരുന്ന ബെലോടെല്ലിയെ വംശീയമായി കളിയാക്കിയതിന് യുവന്റസും ക്ലോസ് ഡോറില്‍ മത്സരിച്ചിട്ടുണ്ട്.2009ലാണ് സംഭവം

മറ്റൊരു വംശീയ വെറിയുടെ കഥയുടെ പര്യവസാനമാണ് ഇന്റര്‍ മിലാന്‍ രൂപീകരണവും. സ്വിസ്, ഇറ്റാലിയന്‍ താരങ്ങളെ മാത്രം കളിപ്പിക്കുകയുള്ളുവെന്ന എ.സി. മിലാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്റര്‍ രൂപീകൃതമായത്.

Image result for racial abuse in serie a

ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറും സീരി എ ആരാധകരുടെ വംശ വെറിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റോമ താരമായിരുന്നപ്പോള്‍ പല സമയത്തും താന്‍ വംശീയ വെറിക്ക് ഇരയായതായി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ലാസിയോ ആരാധകരാണ് റൂഡിഗറിനെ വംശീയമായി കളിയാക്കിയത്.

Image result for racial abuse in serie a

യുവന്റസിന്റെ മൊറോക്കന്‍ പ്രതിരോധതാരം മെഹ്ദി ബെനാഷ്യയേയും ഈ ആരാധകക്കൂട്ടം നിരന്തരം വേട്ടയാടി. തെണ്ടി മൊറോക്കോകാരന്‍ എന്നാണ് ടെലിവിഷന്‍ ലൈവില്‍ പോലും സീരി എ ആരാധകര്‍ തുറന്നടിച്ചത്.

റൂഡിഗറാണ് സീരി എ ആരാധകര്‍ക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത്. കാലമിത്രയായിട്ടും എന്തുകൊണ്ട് ഇറ്റാലിയന്‍ എഫ്.എ നടപടിയെടുത്തില്ല. വളരെ മോശം. ഞാന്‍ എവിടേയും ഇങ്ങനെയൊരു ആരാധകരെ കണ്ടില്ല. ഫിഫ ഇടപെടേണ്ട സമയം അധികരിച്ചു. റൂഡിഗര്‍ വ്യക്തമാക്കി. സീരി എയില്‍ നിന്ന് റൂഡിഗര്‍ ഒരു വര്‍ഷം മുമ്പ് ഇ.പി.എല്ലിലേക്ക് ചേക്കേറിയതിന് പിന്നിലും വംശീയാക്രമണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഘാനയുടെ സുലൈമാന്‍ മുന്തറിയാണ് മറ്റൊരു ഇര. വംശീയ ചാന്റുകള്‍ മൂലം തലകുനിച്ച് മൈതാനം വിടുന്ന മുന്തറിയുടെ ചിത്രം കളിപ്രേമികള്‍ക്ക് മറക്കാനാകില്ല.

വംശീയധിക്ഷേപത്തിന് എതിരെ നടപടി സ്വീകരിക്കാന്‍ ഫിഫ ചുമതലപ്പെടുത്തിയത് അന്നെ ഇറ്റാലിയന്‍ എഫ്.എ പ്രസിഡന്റായിരുന്ന കാര്‍ലോ ടവെക്ച്ചിയോയാണ്. എന്നാല്‍ വംശീയ വെറിയുടെ അപ്പോസ്തലനാണ് ടവെക്ച്ചിയോയെന്ന് പിന്നീട് ലോകം അറിഞ്ഞു.

Image result for racial abuse in serie a

കറുത്ത വര്‍ഗക്കാരെ കുരങ്ങിനോട് ബന്ധപ്പെടുത്തി സംസാരിച്ചതും ആന്റി സെമിറ്റിക് പ്രസ്ഥവനകളും സ്വവര്‍ഗരതിക്കാരെ കളിയാക്കുന്ന ഓഡിയോയും പിന്നീട് ലീക്ക് ആയിരുന്നു.

മുന്തറിയുടെ കേസ് പരിഗണിക്കുമ്പോള്‍ ടവെക്ച്ചിയോ പറഞ്ഞത്. ഇത് അപൂര്‍വമായ കേസാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

യൂറോപ്യന്‍ ലീഗിലെ വംശീയ ഉന്നതിയും ചരിത്രപരമായ മേലാളിത്വത്തിലും നിന്നുകൊണ്ട് മറ്റുള്ളവരെ തരംതാഴ്ത്തുകയും വംശീയ അധിക്ഷേപവും നടത്തുന്നതില്‍ മുന്‍പന്തിയിലാണ് ഇറ്റാലിയന്‍ ലീഗ്.

Image result for racial abuse in serie a

ഇന്ററിന്റെ വംശീയ ആക്രമണത്തിന് കുറച്ചുനാള്‍ മുമ്പാണ് ലാസിയോ ആരാധകര്‍ ആന്‍ ഫ്രാങ്കിനെ റോമ ജഴ്‌സിയില്‍ ചിത്രീകരിച്ചത്. ചിത്രത്തിനെതിരെ റോമ ആരാധകര്‍ രംഗത്ത് എത്തി. റോമക്കാരും ഇറ്റലിയും ഇപ്പോഴും ഉള്ളില്‍ കൊണ്ടുനടക്കുന്ന ജൂത വിരുദ്ധതയുടെ നേര്‍ചിത്രമാണിതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Image result for serie a fans

കുരങ്ങു ചാന്റുകളാണ് അധികവും ഉപയോഗിക്കുന്നത്. റോമ, ലാസിയോ, യുവന്റസ്, എ.സി.മിലാന്‍ ഇവരുടെയെല്ലാം ആരാധകര്‍ വംശീയ വെറിക്ക് കുപ്രസിദ്ധരാണ്. ഇവിടെ കറുത്ത ഇറ്റാലിയന്‍സ് ആരു തന്നെയില്ല കയറിവന്നകുരങ്ങുകളാണവര്‍. ബെലോടെല്ലിയെ കളിയാക്കിയ യുവെ ആരാധകരുടെ ഈ ചാന്റ് മറക്കാനാകില്ല.

ഫുട്‌ബോളില്‍ മാത്രമല്ല. മറ്റു യൂറോപ്യന്‍ സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഭൂതകാലക്കുളിരും വര്‍ണ അധികാര മേലാളിത്വവും ഇറ്റാലിയില്‍ ഇപ്പോഴുമുണ്ട്. കളത്തിന് പുറത്തും കുടിയേറ്റക്കാര്‍ നിരവധി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.

Image result for serie a fans

ജര്‍മനിയും ഇംഗ്ലണ്ടും കാലാന്തരമായ മാറ്റത്തെ അംഗീകരിച്ചപ്പോള്‍ ഇറ്റലി ഇപ്പോഴും പഴയ മിത്തുകളില്‍ വിശ്വസിച്ച് ആ കളിരില്‍ ജീവിക്കുകയാണ്. അതാണ് വംശീയവെറിയുടെ അടിസ്ഥാന കാര്യമെന്ന് യൂറോപ്യന്‍ നരവംശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷം വംശീയാക്രമണങ്ങള്‍ മൂലം ആരാധകരുടെ പേരില്‍ അഞ്ഞൂറിലധികം കേസുകളും ക്ലബുകളെ പ്രതിയാക്കി ഇരുന്നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.