കോഹ്‌ലിയെ വെട്ടാനിരുന്ന ഹെഡ്ഡിനെ പൂട്ടി യന്‍സന്‍; കങ്കാരുപ്പടയ്ക്ക് ഓര്‍ക്കാപ്പുറത്ത് വീണ്ടും തിരിച്ചടി!
Sports News
കോഹ്‌ലിയെ വെട്ടാനിരുന്ന ഹെഡ്ഡിനെ പൂട്ടി യന്‍സന്‍; കങ്കാരുപ്പടയ്ക്ക് ഓര്‍ക്കാപ്പുറത്ത് വീണ്ടും തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th June 2025, 5:56 pm

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് കങ്കാരുപ്പടയ്ക്ക് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് ഉസ്മാന്‍ ഖാജയും മാര്‍നസ് ലബുഷാനുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് ബൗളിങ് തുടങ്ങിയത്. സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെ ഏഴാം ഓവറിനെത്തിയ കഗീസോ റബാദയുടെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖാജയെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്.

20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.

പിന്നീട് പതിനെട്ടാം ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്‍ ലബുഷാനേയും പുറത്താക്കി വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയിലേക്ക് നല്‍കിയത്. ഓസ്‌ട്രേലിയ 46 റണ്‍സില്‍ എത്തിയപ്പോഴാണ് മൂന്നാം വിക്കറ്റായി ഓപ്പണര്‍ ലബുഷാന്‍ 17 (56) റണ്‍സിന് മടങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡ്ഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ യാന്‍സന്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി. തന്റെ അറ്റാക്കിങ് ബൗളിങ്ങില്‍ ഓസ്‌ട്രേലിയക്ക് ഇരട്ട പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു യാന്‍സന്‍.

13 പന്തില്‍ നിന്ന് വെറും 11 റണ്‍സുമായിട്ടാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. ഇതോടെ ടെസ്റ്റില്‍ വിരാട് കോഹ്‌ലി നേടിയ ഒരു തകര്‍പ്പന്‍ റെക്കോഡ് മറികടക്കാനുള്ള അവസരവും ഹെഡ്ഡിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനുള്ള അവസരമാണ് ഹെഡ്ഡിന് നഷ്ടമായത്. എന്നാല്‍ ലിസ്റ്റില്‍ രോഹിത് ശര്‍മയെ വെട്ടി രണ്ടാമന്‍ ആകാന്‍ ഹെഡ്ഡിന് സാധിച്ചു.

ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, രാജ്യം, റണ്‍സ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

വിരാട് കോഹ്‌ലി – ഇന്ത്യ – 411 (11)

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 329 (4)

രോഹിത് ശര്‍മ – ഇന്ത്യ – 322 (11)

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 320 (7)

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 270 (7)

നിലവില്‍ ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 23.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് ആണ് ഓസ്‌ട്രേലിയയ്ക്ക് നേടാന്‍ സാധിച്ചത്. കഗിസോ റബാദയുടെയും മാര്‍ക്കോ യാന്‍സന്റേയും തകര്‍പ്പന്‍ ബൗളിങ് അറ്റാക്കിലാണ് കങ്കാരുപ്പടയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ക്കാന്‍ സാധിച്ചത്.

സൗത്ത് ആഫ്രിക്കയുടെ പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ ലുങ്കി എന്‍ഗിഡി

ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്‌

Content highlight: World Test Championship: Travis Head Fail To Surpass Virat Kohli’s Record In WTC Finals