ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയില്‍ അവസാനിച്ചത്.
ലീഡ്സില്‍ പരമ്പരയിലെ ആദ്യ മത്സരം തോറ്റുകൊണ്ടുതുടങ്ങിയ ഇന്ത്യ, ബെര്‍മിങ്ഹാമിലെ രണ്ടാം മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കി. ലോര്‍ഡ്സില്‍ വിജയം കണ്‍മുമ്പില്‍ കണ്ട ശേഷം പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം മത്സരം സമനിലയിലും അവസാനിച്ചു. വിഖ്യാതമായ ഓവലിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ 2-2ന് പരമ്പര തോല്‍ക്കാതെ കാക്കുകയും ചെയ്തു.
ഓവലിലെ അഞ്ചാം മത്സരത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 367ന് പുറത്താവുകയായിരുന്നു. ഒരുവേള 301/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ തോല്‍വിയുടെ പടുകുഴിയിലേക്ക് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വലിച്ചിടുകയായിരുന്നു.
ഈ വിജയത്തോടെ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 28 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് ശതമാനമാകട്ടെ 46.67ഉം.
A thrilling end to a captivating series 🙌#TeamIndia win the 5th and Final Test by 6 runs
ഇംഗ്ലണ്ടിനും രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണെങ്കിലും 26 പോയിന്റാണ് ടീമിനുള്ളത്. ലോര്‍ഡ്‌സില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടതോടെയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണത്.
ഓസ്‌ട്രേലിയയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് 36 പോയിന്റാണ് ഓസീസിനുള്ളത്. 100.00 എന്ന പോയിന്റ് ശതമാനവും ടീമിനുണ്ട്.
രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി 16 പോയിന്റോടെ ശ്രീലങ്കയാണ് രണ്ടാമത്. 66.67 ആണ് ലങ്കയുടെ പോയിന്റ് ശതമാനം.
പോയിന്റിന്റയല്ല, പോയിന്റ് ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സ് നിര്‍ണയിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ എല്ലാ ടീമുകളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും എന്നതിനാലാണിത്.