| Friday, 6th June 2025, 9:52 am

മെസിയില്ലെങ്കിലും ജയിക്കാം, ദേ കണ്ടില്ലേ... ഹീറോയായി അല്‍വാരസ്, ജയം തുടര്‍ന്ന് ആല്‍ബിസെലസ്റ്റ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തകര്‍ത്ത് അര്‍ജന്റീന. എസ്റ്റാഡിയോ ജൂലിയോ മാര്‍ട്ടീനസ് പ്രാഡോനസില്‍ നടന്ന മത്സരത്തില്‍ യുവതാരം ജൂലിയന്‍ അല്‍വാരസിന്റെ ഗോളിലാണ് ലോക ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും അര്‍ജന്റീനയ്ക്കായി.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവത്തില്‍ ജൂലിയന്‍ അല്‍വാരസിനെ ആക്രമണത്തിന്റെ മുന്നണിപ്പോരാളിയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ലയണല്‍ സ്‌കലോണി തന്റെ കുട്ടികളെ കളത്തിലിറക്കിയത്. അതേസമയം, 4-3-36 ഫോര്‍മേഷനാണ് ചിലി അവലംബിച്ചത്.

16ാം മിനിട്ടിലാണ് അല്‍വാരസ് മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്. തിയാഗോ അല്‍മാഡയുടെ അസിസ്റ്റില്‍ അല്‍വാരസ് ചിലിയന്‍ ഗോള്‍വലയില്‍ പന്തെത്തിച്ചു.

തുടര്‍ന്ന് ഇരു ടീമുകളും ഗോളിനായി പൊരുതിക്കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

മത്സരത്തിന്റെ 67 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്റീനയാണ്. മത്സരത്തില്‍ പത്ത് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന നാലെണ്ണം ഗോള്‍മുഖം ലക്ഷ്യമിട്ടാണ് തൊടുത്തുവിട്ടത്. മത്സരത്തില്‍ ഏഴ് ഷോട്ടുകളാണ് ചിലി അടിച്ചത്. ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളാകട്ടെ മൂന്നെണ്ണവും.

അര്‍ജന്റീന 90 ശതമാനം ആക്വിറസിയില്‍ 744 പാസുകള്‍ കംപ്ലീറ്റ് ചെയ്തപ്പോള്‍ 364 പാസുകള്‍ മാത്രമാണ് ചിലിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ഈ വിജയത്തോടെ 15 മത്സരത്തില്‍ നിന്നും 11 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 34 പോയിന്റോടെ അര്‍ജന്റീന ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള ഇക്വഡോറിനേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡ് അര്‍ജന്റീനയ്ക്കുണ്ട്.

24 പോയിന്റുള്ള പരഗ്വായ് മൂന്നാമതും 22 പോയിന്റുള്ള ബ്രസീല്‍ നാലാമതുമാണ്. 21 പോയിന്റുമായി ഉറുഗ്വായാണ് അഞ്ചാമത്.

ജൂണ്‍ 11നാണ് അര്‍ജന്റീന അടുത്ത മത്സരത്തിനിറങ്ങുന്നത്. എസ്റ്റാഡിയോ മാസ് മോണുമെന്റലില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് എതിരാളികള്‍.

Content Highlight: World Cup Qualifier: Argentina beats Chile

We use cookies to give you the best possible experience. Learn more