| Wednesday, 18th March 2026, 9:36 pm

പെഡ്ഡിയുടെ സെറ്റിലെത്തി ലോകചാമ്പ്യന്‍; നാടന്‍ ബാറ്റ് സമ്മാനിച്ച് രാംചരണ്‍

അശ്വിന്‍ രാജേന്ദ്രന്‍

ആര്‍.ആര്‍.ആര്‍ എന്ന രാജമൗലി ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്റ്റാര്‍ വാല്യൂ നേടിയെടുത്ത അഭിനേതാവാണ് രാംചരണ്‍. രാജമൗലി ചിത്രത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറിലൂടെ വന്‍ കുതിപ്പ് നടത്താന്‍ താരം ശ്രമിച്ചെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ വിഷമങ്ങളെല്ലാം തീര്‍ക്കാനായാണ് ബുച്ചി ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സ്‌പോര്‍ട് ആക്ഷന്‍ ഡ്രാമയായ പെഡിയുമായി രാംചരണ്‍ ഏപ്രില്‍ 30 ന് തിയേറ്ററുകളിലേക്കെത്തുന്നത്.

രാംചരണ്‍. Photo: Bollywood Hungaama

ക്രിക്കറ്റ് കളിക്കാരനായ പെഡി എന്ന ചെറുപ്പക്കാരനായി രാംചരണ്‍ വേഷമിടുന്ന ചിത്രത്തിലെ ഓരോ അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. എ. ആര്‍ റഹ്‌മാന്റെ സംഗീതസംവിധാനത്തില്‍ ഒരുങ്ങിയ ചിക്രി ചിക്രി എന്ന ഗാനത്തിനും വാ വാ വീര എന്ന ഗാനത്തിനും ഒട്ടനവധി കാഴ്ച്ചക്കാരെയാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. രാംചരണിന്റെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

അടുത്തിടെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി 20 ലോകക്കപ്പില്‍ വിജയികളായ ഇന്ത്യന്‍ ടീമിലെ അംഗമായ തിലക് വര്‍മ രാംചരണടക്കമുള്ള പെഡി സിനിമയുടെ ടീമിനെ സന്ദര്‍ശിക്കുന്ന വീഡിയോ ആണ് സിനിമാ ലോകത്തെയും കായികലോകത്തെയും ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ തിലക് ചിത്രത്തിന്റെ സെറ്റിലെത്തുന്നതും രാംചരണും സംവിധായകനും മറ്റുള്ളവരായും സംസാരിക്കുന്നതും കാണാം.

തിലകിനെ വലിയ ആവേശത്തോടെ സ്വീകരിക്കുന്ന രാംചരണ്‍ വേള്‍ഡ്കപ്പിനെക്കുറിച്ച് ചോദിച്ചറിയുന്നതും ചാമ്പ്യന്മാരായതില്‍ താരത്തെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രത്തിലെ ചില പ്രധാനപ്പെട്ട കായിക രംഗങ്ങള്‍ താരത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായും സൂചനകളുണ്ട്. സെറ്റിലെത്തിയ തിലകിന് പെഡി ടീം സമ്മാനവും നല്‍കുന്നുണ്ട്. ചിത്രത്തില്‍ രാംചരണ്‍ ഉപയോഗിക്കുന്ന നാടന്‍ ബാറ്റാണ് തിലകിന് സമ്മാനമായി നല്‍കുന്നത്. ബാറ്റില്‍ രാംചരണ്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചതിന് ശേഷമാണ് തിലകിന് സമ്മാനിച്ചിരിക്കുന്നത്.

തിലക് വര്‍മ. Photo: NDTV

ഹൈദരബാദ് സ്വദേശിയായ തിലക് വര്‍മ 2024 ടി20 വേള്‍ഡ് കപ്പിലും ഇക്കഴിഞ്ഞ വേള്‍ഡ് കപ്പിലും നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ടി-20 വേള്‍ഡ് കപ്പിന്റെ ചരിത്രത്തിലാദ്യമായി കിരീടം നിലനിര്‍ത്തുന്ന ടീമെന്നടക്കം ഒട്ടനവധി റെക്കോര്‍ഡുകളാണ് കിരീട നേട്ടത്തിനൊപ്പം ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 28 ന് തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് തിലക് വര്‍മ.

Content Highlight: World Cup champion Tilak varma visits the set of Sport action movie peddy starred by Ramcharan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more