വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്.
പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ എ.ബി ഡി വില്ലിയേഴ്‌സിന്റെ സെഞ്ച്വറിക്കരുത്തില്‍ പ്രോട്ടിയാസ് ലെജന്‍ഡ്‌സ് മറികടക്കുകയായിരുന്നു. 19 പന്ത് ബാക്കി നില്‍ക്കവെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് വിജയിച്ചത്.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഫൈനലില്‍ പരാജയപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ ഇന്ത്യ ചാമ്പ്യന്‍സിനോടായിരുന്നു പാക് പടയുടെ തോല്‍വി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓപ്പണര്‍ കമ്രാന്‍ അക്മലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നെങ്കിലും മറുവശത്ത് ഷര്‍ജീല്‍ ഖാന്‍ നിലയുറപ്പിച്ചു. ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ പ്രോട്ടിയാസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍, വിക്കറ്റ് സംരക്ഷിച്ചുനിര്‍ത്തുന്നതിനൊപ്പം റണ്‍സ് ഉയര്‍ത്താനും ഷര്‍ജീല്‍ ഖാന്‍ ശ്രദ്ധ പുലര്‍ത്തി.
44 പന്തില്‍ 76 റണ്‍സാണ് ഷര്‍ജീല്‍ ഖാന്‍ നേടിയത്. ഒമ്പത് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
ഉമര്‍ ആമിന്‍ (19 പന്തില്‍ 36), ആസിഫ് അലി (15 പന്തില്‍ 28) എന്നിവരുടെ പ്രകടനവും പാക് നിരയില്‍ കരുത്തായി. എക്‌സ്ട്രാസ് ഇനത്തില്‍ 14 റണ്‍സും ടീം ടോട്ടലിലെത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 എന്ന നിലയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
പാകിസ്ഥാന്‍ ചാമ്പ്യന്‍സിനായി വെയ്ന്‍ പാര്‍ണെലും ഹാര്‍ഡസ് വ്യോണും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഡുവാന്‍ ഒലിവിയര്‍ ഒരു വിക്കറ്റും നേടി.
196 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സ് ഗോഡ് മോഡിലായിരുന്നു. മുന്നില്‍ കണ്ട പാക് ബൗളര്‍മാരെയെല്ലാം തല്ലിയൊതുക്കി ഡി വില്ലിയേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറന്നതോടെ എഡ്ജ്ബാസ്റ്റണ്‍ ആവേശക്കടലായി.
ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സ് നേടിയ ഹാഷിം അംലയുടെ വിക്കറ്റ് ടീമിന് നഷ്ടമായി, സയ്യിദ് അജ്മലാണ് വിക്കറ്റ് വീഴ്ത്തിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ജെ.പി. ഡുമിനിയും തകര്‍ത്തടിച്ചതോടെ സൗത്ത് ആഫ്രിക്ക 16.5 ഓവറിവല്‍ വിജയലക്ഷ്യം മറികടന്നു.
ഡി വില്ലിയേഴ്‌സ് 60 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടി. ഏഴ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 200 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഡി വില്ലിയേഴ്‌സിന്റെ മൂന്നാം സെഞ്ച്വറിയാണിത്.
അതേസമയം, ഡുമിനി 28 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ചു. രണ്ട് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Content highlight: World Championship of Legends: South Africa Champions defeated Pakistan Champions