വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്.
പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ എ.ബി ഡി വില്ലിയേഴ്‌സിന്റെ സെഞ്ച്വറിക്കരുത്തില്‍ പ്രോട്ടിയാസ് ലെജന്‍ഡ്‌സ് മറികടക്കുകയായിരുന്നു. 19 പന്ത് ബാക്കി നില്‍ക്കവെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് വിജയിച്ചത്.
196 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സ് ഗോഡ് മോഡിലായിരുന്നു. മുന്നില്‍ കണ്ട പാക് ബൗളര്‍മാരെയെല്ലാം തല്ലിയൊതുക്കി ഡി വില്ലിയേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറന്നതോടെ എഡ്ജ്ബാസ്റ്റണ്‍ ആവേശക്കടലായി.
ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സ് നേടിയ ഹാഷിം അംലയുടെ വിക്കറ്റ് ടീമിന് നഷ്ടമായി, സയ്യിദ് അജ്മലാണ് വിക്കറ്റ് വീഴ്ത്തിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ജെ.പി. ഡുമിനിയും തകര്‍ത്തടിച്ചതോടെ സൗത്ത് ആഫ്രിക്ക 16.5 ഓവറിവല്‍ വിജയലക്ഷ്യം മറികടന്നു.
ഡി വില്ലിയേഴ്‌സ് 60 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടി. ഏഴ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 200 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഡി വില്ലിയേഴ്‌സിന്റെ മൂന്നാം സെഞ്ച്വറിയാണിത്.
അതേസമയം, ഡുമിനി 28 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ചു. രണ്ട് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Content highlight: World Championship of Legends: South Africa Champions defeated Pakistan Champions
