വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. കഴിഞ്ഞ സീസണിന്റെ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് കിരീടമണിഞ്ഞ ഇന്ത്യ പുതിയ സീസണിലും ഷാഹിദ് അഫ്രിദിയെയും സംഘത്തെയും പരാജയപ്പെടുത്തിക്കൊണ്ട് തന്നെ ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയും ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. ഇന്ത്യ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയും മത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്‌തെങ്കിലും പാകിസ്ഥാന് പോയിന്റ് നല്‍കുകയോ ഇരുവര്‍ക്കുമായി പങ്കുവെക്കപ്പെടുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍ നിലവിലെ പോയിന്റ് പട്ടിക പരിശോധിക്കുമ്പോള്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയതിന് ലഭിച്ച രണ്ട് പോയിന്റിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.
എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സിന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് പട്ടികയില്‍ രണ്ടാമത്. വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരായ മത്സരം ബോള്‍ ഔട്ടില്‍ വിജയിച്ചതിന് പിന്നാലെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ പേരില്‍ രണ്ട് പോയിന്റ് കുറിക്കപ്പെട്ടത്.
ഇംഗ്ലണ്ട് ചാമ്പ്യന്‍സ് – ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് മത്സരം നോ റിസള്‍ട്ടില്‍ അവസാനിച്ചതോടെ ഇരുവര്‍ക്കും ഓരോ പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ രണ്ട് മത്സരത്തില്‍ നിന്നും ഒരു പോയിന്റുമായി ഇംഗ്ലണ്ട് ചാമ്പ്യന്‍സ് മൂന്നാമതും ഒരു പോയിന്റുള്ള ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നാലാമതുമാണ്.
ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സും ഇന്ത്യ ചാമ്പ്യന്‍സുമാണ് അവസാന സ്ഥാനങ്ങളിലുള്ളത്.
ഇന്ന് ടൂര്‍ണമെന്റില്‍ മത്സരങ്ങളില്ല. നാളെ ഇന്ത്യ ഫലത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.