വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്വന്തമാക്കിയത്.
ഷാഹിദ് അഫ്രിദിയും സംഘവും ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സിന് നിഷ്ടിത ഓവറില്‍ 155 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് വീണതോടെ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാനോ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനോ ടീമിന് സാധിച്ചില്ല. കമ്രാന്‍ അക്മല്‍ (12 പന്തില്‍ എട്ട്), ഷര്‍ജീല്‍ ഖാന്‍ (15 പന്തില്‍ 12), ഉമര്‍ അമീന്‍ (ഒമ്പത് പന്തില്‍ ആറ്), ഷോയ്ബ് മാലിക് (അഞ്ച് പന്തില്‍ ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി.
34 പന്തില്‍ 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. എട്ട് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി ലിയാം പ്ലങ്കറ്റും ക്രിസ് ട്രെംലെറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റയാന്‍ സൈഡ്‌ബോട്ടം, സ്റ്റുവര്‍ട്ട് മീകര്‍, ദിമിത്രി മസ്‌കരാനെസ്, ജെയിംസ് വിന്‍സ് എന്നിവരാണ് മറ്റ് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സിന് അലസ്റ്റര്‍ കുക്കിനെയും (15 പന്തില്‍ ഏഴ്), ജെയിംസ് വിന്‍സിനെയും (ഒമ്പത് പന്തില്‍ ഏഴ്) എന്നിവരെ ചെറിയ സ്‌കോറിന് നഷ്ടപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ഫില്‍ മസ്റ്റാര്‍ഡിന്റെയും സൂപ്പര്‍ താരം ഇയാന്‍ ബെല്ലിന്റെയും അര്‍ധ സെഞ്ച്വറികള്‍ ടീമിന് തുണയായി.
അവസാന ഓവറില്‍ 16 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പന്തില്‍ തന്നെ സൊഹൈല്‍ ഖാനെതിരെ ഫോറടിച്ച ഇയാന്‍ ബെല്‍ ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതി. എന്നാല്‍ അടുത്ത അഞ്ച് പന്തില്‍ അഞ്ച് സിംഗിള്‍ മാത്രമാണ് പിറന്നത്. ഇതോടെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് അഞ്ച് റണ്‍സിന്റെ വിജയം സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ നേരിടും. സൂപ്പര്‍ സാറ്റര്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സും ഓസ്‌ട്രേലിയ ചാമ്പ്യന്‍സും ഏറ്റുമുട്ടും. എഡ്ജ്ബാസ്റ്റണാണ് രണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.
Content highlight: World Championship of Legends: Pakistan Champions defeated England Champions