വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ജൂലൈ 18നാണ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് കളമൊരുങ്ങുന്നത്. ഓഗസ്റ്റ് രണ്ട് വരെയാണ് മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.
ടി-20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സാണ് പ്രഥമ ജേതാക്കളായത്. യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ജൂലൈ 18 ന് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സീസണിലെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ നേരിടും.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന, ആദ്യ സീസണ്‍ ഫൈനലിന്റെ റീ മാച്ചായ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പോരാട്ടം ജൂലൈ 20നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എഡ്ജ്ബാസ്റ്റണാണ് വേദി.
ജൂലൈ 31നാണ് രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളും നടക്കുക. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍.