ഒറ്റ ഓവറില്‍ എറിഞ്ഞത് 12 വൈഡ്! അമ്പയര്‍ പോലും വെറുത്തുപോയി; വീഡിയോ
Sports News
ഒറ്റ ഓവറില്‍ എറിഞ്ഞത് 12 വൈഡ്! അമ്പയര്‍ പോലും വെറുത്തുപോയി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th July 2025, 8:08 am

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ നാണക്കേടിന്റെ റെക്കോഡുമായി ഓസ്‌ട്രേലിയന്‍ താരം ജോണ്‍ ഹാസ്റ്റിങ്‌സ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറുകളിലൊന്ന് എറിഞ്ഞാണ് താരം ഈ അനാവശ്യ നേട്ടം സ്വന്തമാക്കിയത്. 17 പന്തുകളാണ് അഞ്ച് ലീഗല്‍ ഡെലിവെറി പൂര്‍ത്തിയാക്കാന്‍ ഹാസ്റ്റിങ്‌സ് എറിഞ്ഞത്.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 55 റണ്‍സാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്വന്തമാക്കിയത്. നേരത്തെ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഇനിയുള്ള 13 ഓവറില്‍ 20 റണ്‍സ് നേടിയാല്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഓസീസ് ചാമ്പ്യന്‍സ് നായകന്‍ ബ്രെറ്റ് ലീ ഇംപാക്ട് പ്ലെയറായെത്തിയ ജോണ്‍ ഹാസ്റ്റിങ്‌സിന് പന്ത് നല്‍കുന്നത്. ഇതോടെ അതിവിചിത്രമായ സംഭവത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഓവറിലെ ആദ്യ അഞ്ച് പന്തുകളും വൈഡായി. ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ ഒരു റണ്‍സും രണ്ടാം പന്തില്‍ ഫോറും പിറന്നു. അടുത്ത ഡെലിവെറി നോ ബോളായി. ഫ്രീ ഹിറ്റ് ഡെലിവെറിയും ഹാസ്റ്റിങ്‌സ് വൈഡ് എറിഞ്ഞു.

ഓവറിലെ മൂന്നാം ലീഗല്‍ ഡെലിവെറിയില്‍ ലെഗ് ബൈസിലൂടെ ഒരു റണ്‍സ് പിറന്നു. അടുത്ത പന്തും വൈഡ് എറിഞ്ഞ ഹാസ്റ്റിങ്‌സ്, ശേഷമെറിഞ്ഞ രണ്ട് പന്തും ലീഗല്‍ ഡെലിവെറികളാക്കി.

ജോണ്‍ ഹാസ്റ്റിങ്‌സ്

നാണക്കേടിന്റെ ഈ ഓവര്‍ അവസാനിപ്പിക്കാന്‍ വെറും ഒറ്റ പന്ത് മാത്രം എറിഞ്ഞ് തീര്‍ത്താല്‍ മതിയെന്നിരിക്കെ ഹാസ്റ്റിങ്‌സ് വീണ്ടുമെറിഞ്ഞത് അഞ്ച് വൈഡുകളാണ്. ഇതോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വിജയിക്കുകയും ചെയ്തു.

1WD, 1WD, 1WD, 1WD, 1WD, 1, 4, 1NB, 1WD, 1LB, 1WD, 0, 1, 1WD, 1WD, 1WD, 1WD, 1WD എന്നിങ്ങനെയാണ് ഹാസ്റ്റിങ്‌സ് പന്തെറിഞ്ഞത്. തുടര്‍ച്ചയായി വൈഡുകള്‍ സിഗ്നല്‍ ചെയ്യാന്‍ കൈകളയുയര്‍ത്ത മടുത്ത അമ്പയറും ഈ ഓവറിലെ പ്രധാന കാഴ്ചയായിരുന്നു. ഓരോ തവണ വൈഡ് വിളിക്കുമ്പോഴും അമ്പയറിന്റെ മുഖത്ത് ദേഷ്യം കലര്‍ന്ന നിരാശ പ്രകടമായിരുന്നു.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് വെറും 74 റണ്‍സിന് പുറത്തായി. വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്ക് 14 പന്തില്‍ 26 റണ്‍സ് നേടി. 15 പന്തില്‍ 10 റണ്‍സ് നേടിയ കാല്ലം ഫെര്‍ഗൂസനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 11 റണ്‍സും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് തുണയായി.

ആറ് വിക്കറ്റ് വീഴ്ത്തിയ സയ്യിദ് അജ്മലാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ തകര്‍ത്തുവിട്ടത്. ഇമാദ് വസീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള് സൊഹൈല്‍ തന്‍വീറും സൊഹൈല്‍ ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം മറികടന്നു. ഷര്‍ജീല്‍ ഖാന്‍ 23 പന്തില്‍ 32 റണ്‍സും ഷോയ്ബ് മഖ്‌സൂദ് 26 പന്തില്‍ 28 റണ്‍സും അടിച്ചെടുത്തു.

ടൂര്‍ണമെന്റിന്റെ സെമി ഫൈനലാണ് ഇനി ഇരു ടീമുകള്‍ക്കും കളിക്കാനുള്ളത്. ആദ്യ സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് നാലാം സ്ഥാനക്കാരായ ഇന്ത്യ ചാമ്പ്യന്‍സിനെ നേരിടും. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന്റെ എതിരാളികള്‍. രണ്ട് മത്സരവും ജൂലൈ 31ന് നടക്കും.

 

Content Highlight: World Championship of Legends: John Hastings bowled 12 wide in an over