വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷനില്‍ തങ്ങളുടെ അവസാന മത്സരത്തിന് ഇന്ത്യ ചാമ്പ്യന്‍സ് ഇറങ്ങുന്നു. ഗ്രേസ് റോഡില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.
ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ടാണ് ഇന്ത്യ ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്നത്. നാല് മത്സരത്തില്‍ നിന്നും ഒരു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഈ ഒരു പോയിന്റാകട്ടെ പാകിസ്ഥാനെതിരായ മത്സരം ക്യാന്‍സല്‍ ചെയ്തതിന്റെ പേരില്‍ കിട്ടിയതും.

കളത്തിലിറങ്ങിയ എല്ലാ മത്സരത്തിലും യുവരാജ് സിങ്ങും സംഘവും പരാജയപ്പെട്ടു. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനോട് 88 റണ്‍സിനും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനോട് നാല് വിക്കറ്റിനും പരാജയപ്പെട്ട ഇന്ത്യ ചാമ്പ്യന്‍സ് ഒടുവില്‍ കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനോട് 23 റണ്‍സിനും തോല്‍വിയേറ്റുവാങ്ങി.
ഇതോടെ ഇന്ത്യ ചാമ്പ്യന്‍സിന്റെ മുന്നോട്ടുള്ള യാത്രയും ഏതാണ് അവസാനിച്ച മട്ടാണ്. വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ മികച്ച വിജയം നേടിയാലും നിലവിലുള്ള മോശം റണ്‍ റേറ്റ് മറികടക്കാന്‍ സാധിച്ചേക്കില്ല.
