വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ലഭിച്ച ആദ്യ വിജയത്തില്‍ സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി ഇന്ത്യ. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ ഇടം നേടിയത്. ഇതോടെ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെയും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെയും മറികടന്ന് സെമി ഫൈനലുറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
— WCL India Champions (@India_Champions) July 29, 2025
ആദ്യ ഘട്ടത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ ആദ്യ മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ ചാമ്പ്യന്‍സ് ഗംഭീര പരാജയങ്ങളേറ്റുവാങ്ങുകയും ചെയ്തു. നാല് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഇടം പിടിച്ചത്. ടീമിന്റെ നെറ്റ് റണ്‍ റേറ്റും മോശമായിരുന്നു.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍മാര്‍ക്കെതിരായ മത്സരത്തില്‍ തങ്ങളുടെ മോശം റണ്‍ റേറ്റ് മറികടക്കുന്ന പ്രകടനവുമായി ഇന്ത്യ ചാമ്പ്യന്‍സ് തിളങ്ങിയപ്പോള്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍ കാത്തിരുന്ന് കിട്ടിയ വിജയവും അതുവഴി ലഭിച്ച സെമി ഫൈനലിലും ഇന്ത്യ കളിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജൂലൈ 31ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ ഇന്ത്യ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരം റദ്ദാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പല ഇന്ത്യന്‍ താരങ്ങളും കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കുവെക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന എല്ലാ മത്സരത്തിലും പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വിജയിച്ചതോടെ അഫ്രിദിയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എന്നാല്‍ ശേഷം കളിച്ച അടുത്ത മൂന്ന് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന സ്ഥാനത്തേക്ക് വീണു. ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നുമാണ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന് ടിക്കറ്റെടുത്തു.
— WCL India Champions (@India_Champions) July 29, 2025
എന്നാല്‍ ഈ സെമി ഫൈനലില്‍ ഇന്ത്യ ചാമ്പ്യന്‍സ് കളിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ആദ്യ മത്സരത്തിലേതെന്ന പോലെ ഇന്ത്യ ചാമ്പ്യന്‍സ് മത്സരം ബഹിഷ്‌കരിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുക്കും. അഥവാ ഇന്ത്യ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യ മത്സരം ബഹിഷ്‌കരിച്ചതെന്തിന് എന്ന ചോദ്യവും ഉയരും.
ഈ അവസരത്തില്‍ ആരാധകരും രണ്ട് തട്ടിലാണ്. ആദ്യ മത്സരത്തിലേതെന്ന പോലെ ഇന്ത്യ സെമി ഫൈനല്‍ ബഹിഷ്‌കരിക്കണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ സെമിയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിക്കണമെന്നും പരാജയപ്പെടുത്തണമെന്നും വാദിക്കുന്നവരും കുറവല്ല.
Content Highlight: World Championship of Legends: India Champions will face Pakistan Champions in the Semi Finals