വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷനില്‍ സെമി ഫൈനലിന് യോഗ്യത നേടി ഇന്ത്യ ചാമ്പ്യന്‍സ്. ഗ്രേസ് റോഡില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ചാമ്പ്യന്‍സ് സ്വന്തമാക്കിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ഇന്ത്യ ചാമ്പ്യന്‍സിന് തുണയായത്.
— WCL India Champions (@India_Champions) July 29, 2025
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തു. വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. എട്ട് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ്. 172.09 സ്‌ട്രൈക് റേറ്റിലാണ് പൊള്ളാര്‍ഡ് ബാറ്റ് വീശിയത്.
— World Championship Of Legends (@WclLeague) July 29, 2025
21 പന്തില്‍ 20 റണ്‍സ് നേടിയ ഡ്വെയ്ന്‍ സ്മിത്താണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം. ഒമ്പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലാണ് ഏറ്റവുമധികം റണ്‍സടിച്ച മൂന്നാം താരം.
ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് 144ന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യ ചാമ്പ്യന്‍സിനായി പിയൂഷ് ചൗള മൂന്ന് വിക്കറ്റുമായി വിരുതുകാട്ടി. സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നികിത മില്ലര്‍ റണ്‍ ഔട്ടായപ്പോള്‍ പവന്‍ നേഗിയാണ് അവസാന വിക്കറ്റ് വീഴ്ത്തിയത്.
പോയിന്റ് പട്ടികയില്‍ മുകളിലുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനും ഇംഗ്ലണ്ട് ചാമ്പ്യന്‍സിനും തങ്ങളേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റ് ഉണ്ടായിരുന്നതിനാല്‍ വളരെ പെട്ടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ റോബിന്‍ ഉത്തപ്പ (ഏഴ് പന്തില്‍ എട്ട്), ഗുര്‍കിരാത് സിങ് (എട്ട് പന്തില്‍ ഏഴ്), സുരേഷ് റെയ്‌ന (ഒമ്പത് പന്തില്‍ ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. 18 പന്തില്‍ 25 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ടോപ് ഓര്‍ഡറില്‍ മോശമല്ലാത്ത പ്രകടനം നടത്തിയത്.
എന്നാല്‍ 21 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യ ചാമ്പ്യന്‍സിന്റെ പ്രതീക്ഷ കൈവിടാതെ കാത്തു. നാല് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
— WCL India Champions (@India_Champions) July 29, 2025
11 പന്തില്‍ 21 റണ്‍സ് നേടിയ യുവരാജ് സിങ്ങിന്റെയും ഏഴ് പന്തില്‍ 21 റണ്‍സടിച്ച യൂസുഫ് പത്താന്റെയും സംഭാവനകള്‍ ലഭിച്ചതോടെ ഇന്ത്യ 40 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. ഇതോടെ നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടിനെയും വിന്‍ഡീസിനെയും മറികടന്ന് രണ്ടാമതെത്താനും ഇന്ത്യ ചാമ്പ്യന്‍സിനായി.
പോയിന്റ് പട്ടികയില്‍ നാലാമതെത്തിയതോടെ ഇന്ത്യ സെമി ഫൈനലിനും യോഗ്യത നേടി. നാളെയാണ് ഇന്ത്യ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content highlight: World Championship of Legends: India Champions qualified for semi finals