വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ വീണ്ടും പരാജയമേറ്റുവാങ്ങി ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനോട് 23 റണ്‍സിന്റെ പരാജയമാണ് യുവരാജും സംഘവും ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ 20 ഓവറില്‍ 200 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
— World Championship Of Legends (@WclLeague) July 27, 2025
മത്സരത്തില്‍ ടോസ് നേടിയ യുവരാജ് സിങ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍ ഫില്‍ മസ്റ്റാര്‍ഡിനെ ഒറ്റ റണ്‍സിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഇയാന്‍ ബെല്ലും രവി ബൊപ്പാരയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ടോട്ടലിന് അടിത്തറയൊരുക്കി.
— World Championship Of Legends (@WclLeague) July 27, 2025
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ റോബിന്‍ ഉത്തപ്പയെ നഷ്ടപ്പെട്ടു. സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ഓരോരുത്തരും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മൊമെന്റം നഷ്ടപ്പെടാതെ കാത്തു.
29 പന്തില്‍ 52 റണ്‍സ് നേടിയ യൂസുഫ് പത്താന്റെയും 13 പന്തില്‍ 35 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നിയുടെയും പ്രകടനം മികച്ചുനിന്നെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
— WCL India Champions (@India_Champions) July 27, 2025
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിന് 24 റണ്‍സകലെ ഇന്ത്യ ചാമ്പ്യന്‍സ് പോരാട്ടം അവസാനിപ്പിച്ചു.
ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി അജ്മല്‍ ഷഹസാദ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് മീകര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റയാന്‍ സൈഡ്‌ബോട്ടം, രവി ബൊപ്പാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടൂര്‍ണമെന്റില്‍ ഓരോ ടീമും ചുരുങ്ങിയത് നാല് മത്സരങ്ങളെങ്കിലും കളിച്ചപ്പോള്‍ ഇതുവരെ ഒറ്റ മത്സരത്തിലും വിജയിക്കാത്ത ഏക ടീം ഇന്ത്യയാണ്. പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനോട് 88 റണ്‍സിനും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനോട് നാല് വിക്കറ്റിനും പരാജയപ്പെട്ടു.
വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരെയാണ് ഇന്ത്യ ചാമ്പ്യന്‍സിന്റെ അടുത്ത മത്സരം. ഈ മത്സരം വിജയിച്ചാലും മോശം റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ കിരീടയാത്ര ഏറെക്കുറെ അവസാനിച്ച മട്ടാണ്.
Content highlight: World Championship Of Legends: India Champions lost once again