വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയായി.
ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി 18 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുണ്ടാക്കിയ ഈ വ്യാപാര കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പിഴ തീരുവകള്‍ ഒഴിവാക്കിയതാണ് പുതിയ വ്യാപാര കരാറിലെ നിര്‍ണ്ണായകമായ മാറ്റം.
കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ നികുതി അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പകുതിയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായിരുന്നു. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഈ അധിക നികുതി ഭാരം മാത്രമാണ് ഇല്ലാതാക്കാന്‍ പോകുന്നത്.
നേരത്തെ പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും അടുത്ത നീക്കങ്ങളാണ് ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. ഇലക്ട്രോണിക്‌സ്, വൈദ്യുത വാഹനങ്ങള്‍, പ്രതിരോധ സാമഗ്രികള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കളുടെ സംസ്‌കരണത്തിലും ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കും.
ചൈനയ്ക്ക് മേലുള്ള അമിത ആശ്രിതത്വം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മിനറല്‍ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ’ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഖനിജ മേഖലയിലെ സഹകരണം, ടെക്‌നോളജി മേഖലയില്‍ നിര്‍ണ്ണായകമായ ധാതുക്കളുടെ ഖനനത്തിലും വിതരണത്തിലും സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി . ഇതിനായി റൂബിയോ വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിതല യോഗത്തില്‍ ജയശങ്കര്‍ പങ്കെടുക്കും.
അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ത്യ ഊര്‍ജ്ജം വാങ്ങുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ഇന്തോ-പസഫിക് മേഖലയുടെ വികസനത്തിനായി ക്വാഡ് കൂട്ടായ്മ വഴിയുള്ള സഹകരണം തുടരുമെന്ന് ജയശങ്കറും റൂബിയോയും വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ഏറെ പ്രാധാന്യമുള്ളതാണ് ഈ ചര്‍ച്ചകളെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു . അമേരിക്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- അമേരിക്ക കരാറിന്റെ പൂര്‍ണ്ണ രൂപം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഇന്നലെ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ നടത്തിയ പത്രസമ്മേളനത്തിലും കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാന്‍ തയ്യാറായില്ല.
Content Highlight: Work together to unlock new economic opportunities’: Jaishankar meets US Secretary of State Rubio and Treasury Secy Bessent ahead of critical minerals meet