നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രതിഛായയുടെ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും പുറമെ സൂപ്പര്‍താരം മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയിരുന്നു.
ചടങ്ങിനിടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും ചിത്രത്തിന്റെ സംവിധായകനായ ബി. ഉണ്ണികൃഷ്ണനും സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരളയുടെ ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്റെ സിനിമാ മേഖലയിലെ നടപടികള്‍ സൂചിപ്പിച്ചായിരുന്നു ചടങ്ങിനിടെ ലിസ്റ്റിന്‍ പരിഹാസ രൂപത്തില്‍ സംസാരിച്ചത്.
ചിത്രത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ലിസ്റ്റിന്റെ പരാമര്‍ശം. സാധാരണ സംവിധായകര്‍ക്ക് ചിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും എന്നാല്‍ ബി. ഉണ്ണികൃഷ്ണന് പലരെയും ബാന്‍ ചെയ്യുന്നതിനിടയില്‍ വേണം സിനിമ സംവിധാനം ചെയ്യേണ്ടതെന്നുമായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്. ഇത് ചെറിയ കാര്യമല്ലെന്നും ചിത്രത്തിന് എല്ലാ വിധ ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിസ്റ്റിന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ച് വേദി വിട്ടതിന് തൊട്ടുപിന്നാലെ മൈക്കിനടുത്തെത്തിയ ബി. ഉണ്ണികൃഷ്ണന്റെ മറുപടിയാണ് ഏവരിലും ചിരി പടര്‍ത്തിയത്. ഇന്നത്തെ ദിവസം അല്പമെങ്കിലും മാന്യത കാണിക്കണമെന്ന് താന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നെങ്കിലും ഉള്ളിലുള്ളത് അറിയാതെ പുറത്ത് വന്നു പോകുകയാണെന്നും അതുകൊണ്ട് നമുക്ക് പൊറുത്തുകൊടുക്കാമെന്നുമായിരുന്നു മറുപടി. ഇതിന് പിന്നാലെ സദസ്സില്‍ പലരുംം ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
screen grab/ sree gokulam movies/ youtube.com
അടുത്തിടെ പണം വാങ്ങി ചിത്രത്തിന്റെ പ്രൊമോഷനെത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് മുന്‍നിര താരം ബിജു മേനോനെതിരെ, ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്ക രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. അതേസമയം ലിസ്റ്റിന്‍ നിര്‍മിച്ച നിവിന്‍ പോളി നായകനായ ബേബിഗേള്‍ ചിത്രത്തിന്റെ പ്രൊമോഷനിടയിലെ ലിസ്റ്റിന്റെ പരാമര്‍ശങ്ങളും വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.