TROLLODU TROLL | കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ?
അനുഷ ആന്‍ഡ്രൂസ്

ഞാന്‍ പണ്ട് പള്ളിയില്‍ പോയി അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്ന സമയം, അന്ന് പള്ളിയില്‍ കുര്‍ബാനക്കിടയില്‍ വരുന്ന അച്ഛന്‍മാരുടെ പ്രസംഗങ്ങള്‍ കേട്ട് സ്വയം തൊലിയുരിഞ്ഞ് പോകാറുള്ളത് ഒരു സ്ഥിരം കലാപരിപാടി ആയിരുന്നു. കാരണം പെണ്‍കുട്ടികളെ
വസ്തുവല്‍ക്കരിക്കുന്നതും അതില്‍ നിന്നും തമാശ കണ്ടെത്തുന്നതും ചില വികാരിയച്ഛന്‍മാരുടെ പ്രധാന കഴിവാണല്ലോ.

ഒരിക്കല്‍ കുര്‍ബാനക്കിടയില്‍ അച്ഛന്റെ പ്രസംഗം വന്നു. അതിങ്ങനെ ആയിരുന്നു. ‘ഇന്നലെ ഒരു പെണ്‍കുട്ടി കുര്‍ബാനയ്ക്ക് വന്നു. ഒരു ജീന്‍സും ടീഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. ഒരു ടൈറ്റ് ടീഷര്‍ട്ട്, ആ ടീഷര്‍ട്ടിന്റെ നെഞ്ചിന്റെ ഭാഗത്തായി ഫുട്‌ബോള്‍ എന്ന് എഴുതി വച്ചിരിക്കുന്നു. അത് കണ്ടപ്പോള്‍ ഓസ്തി കൊടുക്കാനല്ല തോന്നിയത് സഹോദരങ്ങളെ’

ഹയ്യോ! ഒടുക്കത്തെ തമാശ. പള്ളി മുഴുവന്‍ ചിരിമയം ആയി. ആണുങ്ങളും, പ്രായമായ അമ്മച്ചിമാരും മറിഞ്ഞു കിടന്നായുരുന്നു ചിരി. പിന്നല്ലാതെ, പെണ്‍കുട്ടികളെ ബോഡിഷെയിം ചെയ്തും, അവരുടെ ശരീരഭാഗങ്ങളെ ചൂണ്ടികാട്ടിയും, ലൈംഗീക ചുവ കലര്‍ത്തിയുമുള്ള തമാശകള്‍ എക്കാലവും മികച്ച ഹാസ്യങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണല്ലോ. എന്നാലല്ലേ ഇടവകക്കാരെ കയ്യിലെടുക്കാന്‍ പറ്റു. അങ്ങനെ കോമഡി പറഞ്ഞ്, കോമഡി പറഞ്ഞ് ഒടുക്കം ഈ പറയുന്നതൊക്കെ അങ്ങ് നോര്‍മലാക്കി കുഞ്ഞാടുകളെ നേര്‍വഴിക്ക് കൊണ്ടുപോകുന്നത് അനിവാര്യം ആണല്ലോ.

ഈ പള്ളീലച്ചന്‍മാരൊക്കെ ഇടക്കിടക്ക് പിസി ജോര്‍ജേട്ടനെ പോലാവുന്നുണ്ട് എന്ന് തോന്നുന്നു. ഒന്നാമത്തെ കാര്യം സ്ത്രീവിരുദ്ധത, രണ്ടാമത് വര്‍ഗീയത, മൂന്നാമത് ഫ്രാങ്കോയെ പോലെയുള്ളവരോടുള്ള സ്‌നേഹം.

കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ 2017ലെ ഒരു അച്ഛന്റെ പ്രസംഗം ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ വരുന്നുണ്ട്. കര്‍ത്താവിന്റെ പ്രതിപുരുഷന്‍മാര്‍ എന്ന പേരും പറഞ്ഞ്, ഒരുപാട് സദാചാര ക്ലാസ്സുകള്‍ തള്ളിമറിക്കുന്നതാണ് പലരുടേയും ഹോബി. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ ഫ്രാങ്കോ കേസിലൊക്കെ കാണുന്നത് പോലെ ‘മകളെ നീ ചെയ്തതാണ് തെറ്റ്’ എന്നതുപോലെയുള്ള ഇടയലേഖനങ്ങള്‍ കാണേണ്ടി വരും.

‘ജീന്‍സും ഷര്‍ട്ടും ഇട്ട് പള്ളിയില്‍ വരുന്ന പെണ്ണുങ്ങളുടെ കഴുത്തില്‍ കല്ല് കെട്ടി കടലില്‍ താഴ്ത്തണം’ എന്ന് പറഞ്ഞതിന്റെ പേരില്‍ നമ്മുടെ വൈറല്‍ വികാരിയച്ഛനെതിരെ 2017ല്‍ തന്നെ കേസെടുത്തിരുന്നു. പക്ഷെ ക്യാമറാ കണ്ണുകള്‍ എത്താത്ത പല ഇടവകകളിലും അച്ഛന്‍മാരുടെയും പാസ്റ്റര്‍മാരുടേയും ഇത്തരം പ്രസ്താവനകള്‍ സമുദായത്തിലേക്ക് ഇന്‍ജെക്റ്റ് ചെയ്യപ്പെടുന്നുണ്ട്. റേപ്പ് സംഭവിക്കുന്നത് പോലും പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിന്റെ കുറ്റമാണ് എന്ന തരത്തിലുളള കണ്‍ക്ലൂഷന്‍സിലേക്കും ഇത് എത്തിപെടാറുണ്ട്.

പുരുഷാധിപത്യത്തിന്റെയും അതിന്‍മേല്‍ സമൂഹം കെട്ടിപ്പടുത്തിട്ടുള്ള ഒരുപാട് നിയമങ്ങളുടേയും പുറത്താണ് ജീന്‍സും ഷര്‍ട്ടും ആണുങ്ങളുടെ വേഷം ആണ് എന്നും, അത് ഇടാനുള്ള ആവകാശം സഭ പെണ്‍കുട്ടികള്‍ക്ക് കൊടുത്തിട്ടില്ല എന്ന് പറയുന്നതും. ധ്യാനം കൂടി നല്ലവരായ ആണുങ്ങളെ പ്രലോഭിപ്പിക്കുന്നത് സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിച്ച പെണ്‍കുട്ടികളാണ് എന്നും. അതുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ഉത്തരവാദി സ്ത്രീ ധരിക്കുന്ന വസ്ത്രമാണ് എന്നും പറയുന്ന തരത്തിലുള്ള. വിക്ടിം ബ്ലേമിംഗ് മാത്രമാണ് അവിടെ നടക്കുന്നത്. 24 മണിക്കൂറും സഭ പറയുന്നത് അനുസരിച്ച് ജിവിച്ച കുറുവിലങ്ങാടുള്ള സിസ്റ്റര്‍മാരോടും, മഠത്തില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ പോലെയുള്ളവരുടെ ആത്മാവിനോടും ഇതൊക്കെ തന്നെ പറയാന്‍ പറ്റണം.

ചെറുപ്പം മുതല്‍ മതബോധനം പഠിപ്പിക്കുന്ന ക്ലാസ്സുകളിലേക്കും, പള്ളിയിലേക്കും, ധ്യാനങ്ങള്‍ക്കുമൊക്കെ കുട്ടികളെ നല്ലവരാക്കാന്‍ പറഞ്ഞു വിടുന്ന വീട്ടുകാര്‍ അവര്‍ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് ഇമ്മാതിരി അറിവുകളോണോ, എന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം വികാരിയച്ചന്‍, ബിഷപ്പ് തുടങ്ങിയവരൊക്കെ വല്യ വല്യ ആളുകളാണ് എന്നും. പള്ളിയും പട്ടക്കാരും മനസ്സില്‍ കൊണ്ട് നടക്കുന്ന കര്‍ത്താവിന്റെ പ്രതിപുരുഷന്‍മാരില്‍ നിന്നും ഒന്നും പഠിക്കാതിരിക്കേണ്ടതില്ലല്ലോ എന്നുമൊക്കെയായിരിക്കും നമ്മുടെ മക്കള്‍ ചിന്തിക്കുന്നത്.

അതുകൊണ്ട് സ്ത്രീകള്‍ ‘ഒരു ജീന്‍സും, ഒരു പാന്റ്‌സും’ ധരിക്കുന്നതില്‍ അച്ഛന്‍ ബേജാറാകേണ്ട കാര്യമില്ല.


Content Highlight: women wearing jeans should be drowned in sea, Kerala priests rant against women goes viral

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.