വനിതാ ലോകകപ്പില്‍ ലങ്കയെ മലര്‍ത്തിയടിച്ച് ഇന്ത്യ; ദീപ്തിയുടെ കരുത്തില്‍ തുടക്കം കളറാക്കി!
Sports News
വനിതാ ലോകകപ്പില്‍ ലങ്കയെ മലര്‍ത്തിയടിച്ച് ഇന്ത്യ; ദീപ്തിയുടെ കരുത്തില്‍ തുടക്കം കളറാക്കി!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st October 2025, 8:55 am

2025 വനിത ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യക്ക് മിന്നും തുടക്കം. ബര്‍സാപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഡി.ആര്‍.എസ് മെത്തേഡിലായിരുന്നു വിധി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ (47) എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 45.4 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ശ്രീലങ്ക.

ഇന്ത്യയുടെ മികച്ച ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയുടെ കരുത്തിലാണ് ലങ്കയെ എളുപ്പം കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. മത്സരത്തില്‍ 53 റണ്‍സും മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തിലെ താരവും ദീപ്തിയായിരുന്നു.

ദീപ്തിക്ക് പുറമേ അമന്‍ജോത് കൗര്‍ 57 റണ്‍സും ഹര്‍ളീന്‍ ഡിയോള്‍ 48 റണ്‍സും നേടി മികവ് പുലര്‍ത്തി. അതേസമയം ലങ്കയ്ക്കുവേണ്ടി ഇനോക രണവീര നാല് വിക്കറ്റുകള്‍ നേടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചു. മാത്രമല്ല ഉദേശിക പ്രബോധനി രണ്ട് വിക്കറ്റും ചമാരി അത്തപ്പത്തു, അചിനി കുലസൂര്യ എന്നിവര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ചമാരിയായിരുന്നു. 47 റണ്‍സാണ് താരം നേടിയത്. മാത്രമല്ല നിലക്ഷി ഡി സില്‍വ 35 റണ്‍സും ഹര്‍ഷിത സമരവിക്രമ 29 റണ്‍സ് നേടി മികവുപുലര്‍ത്തി.

മറ്റാര്‍ക്കും ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ദീപ്തിക്ക് പുറമേ ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ റാണ, നല്ലപുറെഡ്ഡി ചരണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്രാന്തി ഗൗഡ് , അമന്‍ജോത് കൗര്‍, പ്രതിക റവാള്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

അതേസമയം ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ വിമണ്‍സ് ന്യൂസിലാന്‍ഡ് വിമണ്‍സിനെ നേരിടും. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ പോരാട്ടം ആയിരിക്കും ആരാധകരെ കാത്തിരിക്കുന്നത്.

Content Highlight: Women’s ODI World Cup 2025: India Defeat Sri Lanka By 59 Runs