തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാഞ്ഞു പോകുന്ന സ്ത്രീ സമത്വം
സൗമ്യ ആര്‍. കൃഷ്ണ

സി.പി.ഐ യുടെയും സി.പി.ഐ.എമ്മിന്റെയും 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിരിക്കുകയാണ്. സി.പി.ഐ നാല് ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള പട്ടിക പുറത്ത് വിട്ടപ്പോള്‍ അതില്‍ ഒരു സീറ്റില്‍ പോലും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നില്ല. സി.പി.എമ്മിലാവട്ടെ 16സീറ്റുകളില്‍ വെറും രണ്ട് സീറ്റില്‍ മാത്രമാണ് സ്ത്രീകള്‍ മത്സരിക്കുന്നത്.

വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെ ഒരു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

വനിതാ മതിലിന് മുന്‍കൈയ്യെടുത്ത, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ അടിക്കടി പ്രഖ്യാപിക്കുന്ന അതേ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ പത്ത് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം.

തുല്ല്യ പ്രാതിനിധ്യമില്ലെങ്കിലും രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലില്‍ പറയുന്ന 33% ശതമാനം പോലും ഉറപ്പ് വരുത്താന്‍ ഇടത് പക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. നേതാക്കളെ സ്വീകരിക്കാന്‍ താലപ്പൊലി പിടിക്കാനും ,ബാനര്‍ പിടിക്കാനും കൊടി പിടിക്കാനുമിറങ്ങുന്ന സ്ത്രീകളോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാധിത്വമാണ് കാണുന്നത്.

ഈ വിഷയത്തില്‍ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സത്രീകള്‍ക്ക് ചിലത് പറയാനുണ്ട്.

Also Read:  വടകരയില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി.ഐ: മൂന്ന് മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ തീരുമാനം

ശാരദക്കുട്ടി ടീച്ചര്‍
ഒരു സ്ത്രീക്ക് ആത്മവിശ്വാസവും സ്വാശ്രയത്വവും, സ്വാഭിമാന ബോധവും ഉണ്ടാകുന്നത് അവള്‍ക്ക് അധികാരം ലഭിക്കുമ്പോഴാണ്. എന്നാല്‍ അധികാരത്തിലേക്ക് സ്ത്രീകളെ എത്തിക്കില്ല എന്ന് ഉറച്ച് നില്‍ക്കുന്ന ഒരു നിലാപാടാണ് രാഷ്ടട്രീയ പാര്‍ട്ടികളുടേത്. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പോലും അതിന് കഴിയില്ല എന്ന് വരുന്നത് നിരാശജനകമാണ്. സി.പി.എമ്മിലായിരുന്നു നമുക്ക് കുറച്ചെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നത്. വനിതാ മതില്‍ പണിയുകയും, 2 വോട്ടിനു വേണ്ടി നാടിനെ പിന്നോട്ട് നടപ്പിക്കില്ല എന്ന് പ്രസംഗി്കകുകയും ചെയ്ത മുഖ്യമന്ത്രിക്ക് വേണ്ടി കൈയ്യടിച്ചവരാണ് ഇവിടുത്തെ സ്ത്രീകള്‍. സ്ത്രീകളുടെ പക്ഷത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇത്. പക്ഷെ നിയമ നിര്‍മ്മാണ സഭയില്ക്കുള്ള സ്ത്രീകളുടെ പ്രവേശനം വരുമ്പോള്‍ എന്ത് കൊണ്ടാണ് അത് മറ്റൊരു ശബരിമലയാകുന്നത്. കോണ്‍ഗ്രസിന്റെയൊന്നും കാര്യത്തില്‍ ആ പ്രതീക്ഷയേ ഇല്ല. ഷാനി മോള്‍ ഉസ്മാനെയൊക്കെ പോലുള്ള കഴിവ് തെളിയിച്ച നേതാക്കള്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്. പഴയകാലത്ത് ഇല പുറത്തേക്കെറിയുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവരുടെയൊക്കെ നയം.

വിധു വിന്‍സെന്റ്
ലിംഗ സമത്വത്തെ കുറിച്ചും തുല്ല്യ നീതിയെകുറിച്ചുമൊക്കെ ചര്‍ച്ചകള്‍ ഇത്രയും കൊടുംപിരി കൊണ്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന തന്നെ പറയാം.അതിന്റെ ഒരു പ്രതിഫലനം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുമുണ്ടാകും എന്നാണ് നമ്മളൊക്കെ കരുതിയത്. മത്സരിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല, ഒരുപാട് സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തുണ്ട്. എന്നാല്‍ അവര്‍ നേതൃത്വത്തിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്‌നം. അതിനേക്കാളുപരി ഇരിഞ്ഞാലക്കുടയിലെ ഇന്നസെന്റിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെ, അങ്ങേയറ്റം സത്രീ വിരുദ്ധനും പ്രതിലോമകരമായ രാഷ്ട്രീയം പറയുന്ന ഒരാളെ വീണ്ടും മത്സരിപ്പിക്കുക എന്നത് ദൗര്‍ഭാഗ്യകരമാണ്.

കെ.കെ.രമ
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടിയാണ് ഇടത് പക്ഷം.അവരില്‍ നിന്നും അത് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വളരെ കാലങ്ങളായി സ്ത്രീകളെ നിയമനിര്‍മ്മാണ സഭകളിലേക്കൊ മറ്റ് അധികാര കേന്ദ്രങ്ങളിലേക്കൊ കൊണ്ടുവരുന്ന ഒരു നടപടിയും ഇടത് പക്ഷം സ്വീകരിക്കുന്നില്ല. പ്രത്യേകിച്ചും സി.പി.എം എന്ന പാര്‍ട്ടി. വനിതകള്‍ അവരുടെ നേതൃനിരയില്‍ വരുന്ന ഒരു കാര്യമുണ്ടാവുന്നില്ല. ഇപ്പോള്‍ വനിതാ മതിലിന്റെ കാര്യത്തില്‍ തന്നെ ഒരു സ്ത്രീ പോലുിമില്ലാതെയാണ് വനിതാ മതിലിന്റെ തീരുമാനം എടുത്തത്. തീരുമാനം എടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ ജാഥകളില്‍ പങ്കടുക്കണം, കൊടി പിടിക്കണം, കുടുംബശ്രീയുടെ പരിപാടിക്ക് സെറ്റ് സാരിയുടുത്ത് നിരന്ന് നിക്കാനും അവര്‍ക്ക് സത്രീകള്‍ വേണം.ഇപ്പോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതില്‍ ഒരാള്‍ നിലവില്‍ എം.എല്‍.എ യാണ് മറ്റെയാള്‍ നേരത്തെ എം.എല്‍.എ ആയ ആളാണ് അതല്ലാതെ മറ്റൊരു പുതിയ മുഖവും അവര്‍ കൊണ്ടു വരുന്നില്ല. ആണധികാരത്തിന്റെ ഏറ്റവും വലിയ വിളനിലമാണ് ആ പാര്‍ട്ടി എന്നതിന്റെ തെളിവാണിത്.

ജെ ദേവിക
സ്വന്തം അഭിമാനം വേണ്ടെന്ന് വച്ചാ ആരും മാനിക്കില്ല. വനിതാ മതില്‍ പോലൊരു സുപ്രധാന കാര്യം സ്ത്രീകളുടെ സാന്നിധ്യമില്ലാതെ തീരുമാനിച്ച പാര്‍ട്ടിയില്‍ നിന്ന് ഇവരെന്താണ് പ്രതീക്ഷിക്കുന്നത്. കൂടുതലെന്തെങ്കിലും കൊടുക്കുമെന്ന കരുതിയെങ്കില്‍ വിഡ്ഢികളെന്നാണ് ഞാന്‍ പറയുക. പാര്‍ട്ടിയുടെ ഖ്യാതി ലോകം മുഴുവന്‍ കൊണ്ടു വരാന്‍ വനിതാ മതിലിലെ സ്ത്രീകളെ ഉപയോഗിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതിനൊക്കെ സ്ത്രീകളെ വേണം പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോ നൂറ് ന്യായങ്ങളാണ് അതിന് വേണ്ടി സ്ത്രീകള്‍ വീണ്ടും സാക്രിഫൈസ് ചെയ്യണമെന്നാണ് വീണ്ടും പറയുന്നത്. വലതു പക്ഷപര്‍ട്ടികള്‍ക്ക് സ്ത്രീ സ്വാതന്ത്യം ഒരു പ്രശ്‌നമല്ല. ഇടത് പക്ഷത്തിന്റെ പുറത്ത് സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമുണ്ട്. സ്ത്രീ വിരുദ്ധരെ മത്സരിപ്പിക്കുന്ന പാര്‍ട്ടിക്ക് വനിതാ മതിലില്‍ ഒപ്പം നിന്നവരോട്് എന്ത് മതിപ്പാണ് ഉള്ളത്. എന്തെങ്കിലും മതിപ്പുണ്ടോ അവര്‍ക്ക്. ഇന്നസെന്റിന്റെ അതേ “വിന്നബിലിറ്റി” ഉള്ള ആരേയും കിട്ടിയില്ലേ. വിമോചന സമരത്തിന്റെ സമയത്തും ഇത് പോലെ സ്ത്രീകളെ തെരുവിലറക്കിയാണ് അന്നത്തെ പുരുഷന്മാര്‍ സമരം ജയിച്ചത്. അന്നും പറഞ്ഞിരുന്നു തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്ന് ഒന്നും നടന്നില്ല. ചരിത്രമാവര്‍ത്തിക്കുകയാണ്. അന്ന് വലത് പക്ഷമായിരുന്നുവെങ്കില്‍ ഇന്ന് അത് ഇടത് പക്ഷം സ്ത്രീകളോട് ചെയ്യുന്നു.

എം.സുല്‍ഫത്ത്

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രത്തോളം പുരുഷാധിപത്യപരമാണ് എന്ന് സ്ഥാനാര്‍ത്ഥി പട്ടിക നോക്കിയാല്‍ മനസ്സിലാകും. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളോട് സ്ത്രീ പ്രാതിനിധ്യം ഉണ്ടാവണമെന്ന് സ്ത്രീകള്‍ തന്നെ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്ത്രീ ശാക്തീകരണം പ്രസംഗിക്കുന്ന നേതാക്കള്‍ അത് ചെയ്യാതിരിക്കുന്നത് കഴിവുള്ള വനിതാ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല മറിച്ച് എത്രത്തോളം പുരുഷാധിപത്യപരമാണ് ഈ പ്രസ്ഥാനങ്ങള്‍ എന്നതിന്റെ തെളിവാണ്. മിക്കപ്പോഴും പറയുന്ന ന്യായം യോഗ്യരായ സ്ത്രീകളില്ല എന്നതാണ്. യാതൊരു പൊതു പ്രവര്‍ത്തന പരിചയമൊ, രാഷ്ട്രീയ പാരമ്പര്യമൊ ഇല്ലാത്ത നടന്മാരെയും മറ്റും മത്സരിപ്പിച്ച ശേഷം സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്നത് വളരെ നിരാശാജനകമാണ്. മാത്രമല്ല വര്‍ഷങ്ങളോളം ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച സ്ത്രീക്ക് യോഗ്യതയില്ല എന്ന പറയുമ്പോള്‍ അത് ആ പാര്‍ട്ടിയുടെ പരിമിതിയായിട്ടു വേണ്ടെ കാണാന്‍.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.