| Sunday, 13th August 2017, 11:01 am

ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ട: പി.സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയര്‍പേഴസ്ണ്‍ എം.സി ജോസഫൈന്‍. പി.സി ജോര്‍ജിന്റെ വിരട്ടല്‍ കമ്മീഷനോട് വേണ്ടെന്നും അവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

“നിയമസഭ പാസാക്കിയ നിയമത്തിന്റ െഅടിസ്ഥാനത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല. പ്രബലമായ നിരവധി പേര്‍ കമ്മീഷനു മുമ്പില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടല്‍ വിലപ്പോകില്ല.” പത്രക്കുറിപ്പില്‍ പറയുന്നു.

സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറുപുലര്‍ത്തേണ്ടവരാണ് ജനപ്രതിനിധികളെന്നും അവര്‍ വ്യക്തമാക്കി.


Also Read: മുരുകന് ചികിത്സ നിഷേധിച്ചത് തമിഴ്‌നാട്ടുകാരനായതിനാല്‍; ആംബുലന്‍സ് ഉടമ വെളിപ്പെടുത്തുന്നു


ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്നും നീതി നിഷേധം ഉണ്ടായാലും ഇടപെടും ഒരു പരിഗണനയും ആര്‍ക്കുമില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുള്ളഅധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നു ബോധ്യപ്പെടുത്തുന്ന കാലമാണ് വരുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന വനികാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പി.സി ജോര്‍ജ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പി.സി ജോര്‍ജ് പരിഹസിച്ചിരുന്നു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പി.സി പറഞ്ഞിരുന്നു.

പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more