| Saturday, 25th April 2026, 9:02 am

ഇഷ്ടമില്ലാത്ത ഗര്‍ഭം തുടരാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കാനാവില്ല: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ഇഷ്ടമില്ലാത്ത ഗര്‍ഭം തുടരാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി.
15 വയസുകാരിയുടെ ഏഴ് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഗര്‍ഭം തുടരണമെന്ന് പെണ്‍കുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗര്‍ഭഛിദ്രത്തിന് നടപടികള്‍ സ്വീകരിക്കാന്‍ ദില്ലി എംയിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജല്‍ ബുയാന്‍, എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പ്രകാരം നിര്‍ദേശിക്കുന്ന നിയമപരമായ കാലയളവ് പിന്നിട്ടുവെന്നും ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാവാണ് സുപ്രീം കോടതിയെ സമീപിപ്പിച്ചത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ജനനത്തെക്കാള്‍ പ്രധാനം ഗര്‍ഭിണിയായ സ്ത്രീയുടെ തെരഞ്ഞെടുപ്പാണെന്നും കോടതി വ്യക്തമാക്കി.

അവര്‍ക്ക് കുട്ടിയെ വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ദത്തെടുക്കുന്നതിന് കുട്ടിയെ നല്‍കാമെന്നും അതിനാല്‍ അവള്‍ കുഞ്ഞിനെ പ്രസവിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും കേടതി കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭധാരണം അനാവശ്യമാണെന്ന് ഗര്‍ഭസ്ഥയായ സ്ത്രീക്ക് തോന്നുന്നുവെങ്കില്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ഒരു സ്ത്രീയെ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ ഒരു കോടതിയും നിര്‍ദേശിക്കരുതെന്നും ബെഞ്ച് പറഞ്ഞു.

ഇത് മാനസികവും വൈകാരികവും ശാരീരികവുമായ ആഘാതത്തിന് കാരണമാവുമെന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം പ്രത്യുല്‍പാദനത്തിനുള്ള തീരുമാനം വ്യക്തി സ്വാതന്ത്രത്തിന്റെയും സ്വകാര്യതയുടെയും അഭിവാജ്യ ഘടകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Content Highlight: Women cannot be forced to continue unwanted pregnancies: Supreme Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more