| Tuesday, 30th November 2021, 10:08 pm

സിനിമ കഴിഞ്ഞുവരികയായിരുന്ന സ്ത്രീയെ പീഡിപ്പിച്ചു, സുഹൃത്തിനെ കൊള്ളയടിച്ചു; മധുരൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുരൈ: സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുരൈ തിലഗര്‍ തീഡല്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ മുരുകനെയാണ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 3 തിങ്കളാഴ്ച രാത്രി തിയേറ്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ സുഹൃത്തിന്റെ പണം മുരുകന്‍ മോഷണം നടത്തിയതായും പരാതിയുണ്ട്.

ആവണിയാപുരത്തെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന യുവതി തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സെല്ലൂരിലെ ഒരു തിയേറ്ററില്‍ സിനിമയ്ക്ക് പോയിരുന്നു. സിനിമ കഴിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാളായ മഹേഷിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയില്‍ വെച്ച് മുരുകന്‍ തടയുകയായിരുന്നു.

ആ സമയത്ത് ഇരുവരും ഒരുമിച്ച് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് അസഭ്യം പറഞ്ഞ മുരുകന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. മഹേഷിന്റെ മൊബൈല്‍ ഫോണും പേഴ്സും കൈക്കലാക്കി.

തുടര്‍ന്ന് യുവതിയെ വീട്ടിലേക്ക് ഇറക്കിവിടാമെന്ന് പറഞ്ഞ് യുവാവിനെ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി മുരുകന്‍ ലോഡ്ജിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് യുവതിക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഒരു ഓട്ടോയില്‍ കയറ്റി അയക്കുകയുമായിരുന്നു.

രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു, ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more