ബി.എം.സിയില്‍ വനിതാ മേയര്‍; നറുക്കെടുപ്പ് ആസൂത്രിതമെന്ന് കോണ്‍ഗ്രസും യു.ബി.ടിയും
India
ബി.എം.സിയില്‍ വനിതാ മേയര്‍; നറുക്കെടുപ്പ് ആസൂത്രിതമെന്ന് കോണ്‍ഗ്രസും യു.ബി.ടിയും
നിഷാന. വി.വി
Friday, 23rd January 2026, 7:44 am
shivasena ubt, congress, bmc, bjp

മുബൈ: രാജ്യത്തെ ഏറ്റവും സമ്പന്ന നഗരസഭയായ ബ്രിഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേനില്‍ വനിതാ മേയര്‍.

മഹാരാഷ്ട്ര വികസന വകുപ്പ് വ്യാഴാഴ്ച നടത്തിയ നറുക്കെടുപ്പിലൂടെയാണ് പൊതുവിഭാഗത്തില്‍ നിന്നുള്ള വനിതാ മേയറെ തെരഞ്ഞെടുത്തത്.

ഇതോടെ ബി.ജെ.പി അംഗമായിരിക്കും മേയര്‍ എന്ന് ഉറപ്പായി കഴിഞ്ഞു.

നറുക്കെടുപ്പ് ആസൂത്രിതമാണെന്ന് ഉദ്ധവ് പക്ഷ ശിവസേനയും കോണ്‍ഗ്രസും ആരോപിച്ചു.

29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 17 ഇടങ്ങളില്‍ പൊതുവിഭാഗത്തിനും എട്ടിടങ്ങളില്‍ മറ്റ് പിന്നോക്ക വിഭാഗത്തിനും (ഒ.ബി.സി) ഒരിടത്ത് പട്ടികവര്‍ഗ (എസ്.ടി ) വിഭാഗത്തിനും മൂന്നിടത്ത് പട്ടികജാതി (എസ്.സി) വിഭാഗത്തിനും സംഭരണം ചെയ്തു.

നഗരവികസന സഹമന്ത്രി മാധുരി മിസലിന്റെ നേതൃത്വത്തിലാണ് മേയര്‍ സംവരണ പദവികളുടെ നറുക്കെടുപ്പ് നടന്നത്.

എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചാണ് നറുക്കെടുപ്പ് നടത്തിയതെന്നും അതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ശിവസേന (യു.ബി.ടി ) സ്ഥാനാര്‍ത്ഥി കിഷോര്‍ പെഡ്‌നേക്കര്‍ ആരോപിച്ചു. അദ്ദേഹം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

‘ബി.എം.സിയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി രണ്ട് തവണയായി സംവരണം ജനറല്‍ വിഭാഗത്തിലാണ്. എസ്.ടി വനിതാ സംവരണത്തിന് കുറഞ്ഞത് മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന
നിയമം ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചിട്ടില്ല,’ പഡ്‌നേക്കര്‍ പറഞ്ഞു.

ശിവസേനയ്ക്ക് (യു.ബി.ടി ) മാത്രമേ രണ്ട് എസ്.സി സ്ഥാനാര്‍ത്ഥികള്‍ ഉള്ളൂ എന്നതിനാലാണ് പുതിയ നിയമം കൊണ്ട് വന്നതെന്നും നറുക്കെടുപ്പ് മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക്‌നാഥ് ഷിന്‍ഡെ പക്ഷ ശിവസേന ഭൂരിപക്ഷം നേടിയ താനെയില്‍ മേയര്‍ പദവി പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാണ്.

എന്നാല്‍ മേയര്‍ പദവിയെ ചൊല്ലിയുള്ള ബി.ജെ.പി-ഷിന്‍ഡെ തര്‍ക്കം തുടരുകയാണ്.

രണ്ടരവര്‍ഷം മേയര്‍ സ്ഥാനമോ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനമോ വേണമെന്നുള്ള ഷിന്‍ഡെയുടെ നിലപാടിനെ തുടര്‍ന്നായിരുന്നു ബി.ജെ.പി-ശിവസേന തര്‍ക്കം.

എന്നാല്‍ മുംബൈയില്‍ മഹായുതി മേയര്‍ ഉണ്ടാവുമെന്നും പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞടുപ്പ് ഫല പ്രഖ്യാപന ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളികൊണ്ടുള്ളതായിരുന്നു ഷിന്‍ഡെയുടെ പ്രസ്താവന.

Content Highlight: Woman mayor in BMC; Congress and UBT say the draw was planned

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.