ഗോവയില്‍ ഇനി പിടിവീഴും; സമ്മതമില്ലാതെ വിദേശികളുടെ ഫോട്ടോയെടുത്താല്‍ പൊലീസ് നടപടി
India
ഗോവയില്‍ ഇനി പിടിവീഴും; സമ്മതമില്ലാതെ വിദേശികളുടെ ഫോട്ടോയെടുത്താല്‍ പൊലീസ് നടപടി
രാഗേന്ദു. പി.ആര്‍
Saturday, 7th February 2026, 2:52 pm

പനാജി: ഗോവയില്‍ സമ്മതമില്ലാതെ വിദേശ വിനോദസഞ്ചാരികളുടെ ഫോട്ടോയെടുത്താല്‍ നടപടിയെടുക്കുമെന്ന് പൊലീസ്. അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് മുന്നറിയിപ്പ്.

തദ്ദേശ വിനോദസഞ്ചാരികള്‍ വിദേശികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഗോവന്‍ പൊലീസിന്റെ നടപടി.

അടുത്തിടെ ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ വെച്ച് റഷ്യന്‍ സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ഒഡീഷയില്‍ നിന്നുള്ള രണ്ട് വിനോദസഞ്ചാരികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

ആകാശ് മിനാസ് (19), ധ്യാന്‍ ടാപ്പൊ (34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും വിദേശ വനിതയുടെ സമ്മതമില്ലാതെ അവര്‍ക്കൊപ്പം ഫോട്ടോയെടുത്തുവെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് ആരോപണം.

നവംബറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോവയിലെ അരാംബോള്‍ ബീച്ചില്‍ ഒരു സംഘം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ചേര്‍ന്ന് രണ്ട് വിദേശ വനിതകളെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസുടുത്തു. തുടര്‍ന്ന് കര്‍ണാടക സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വിദേശ വനിതകളെ ഉപദ്രവിക്കുന്നവരെ മുന്നറിയിപ്പുകള്‍ കൂടാതെ തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് ഗോവന്‍ പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്തെ ബീച്ചുകളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസിന്റെ പുതിയ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കാലങ്ങളായി കാത്തിരിക്കുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വിദേശികളുടെ മുന്നില്‍ ഇന്ത്യക്കാര്‍ അപമാനിതരാകുന്നത് ഇതോടെ കുറയുമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlight: Will now be caught in Goa; Police action will be taken if you take photos of foreigners without their consent

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.