പട്‌ന: ബീഹാറിലെ മഹഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് സി.പി.ഐ. മന്ത്രിസ്ഥാനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ മുന്നണിയുടെ ഭാഗമാകാമെന്നാണ് സി.പി.ഐയുടെ നിലപാട്. ബി.ജെ.പിയുമായി സഖ്യമുപേക്ഷിച്ചതിന് പിന്നാലെയായിരുന്നു നിതീഷ് കുമാര്‍ ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം സഖ്യം ആരംഭിച്ചത്.
നേരത്തെ സി.പി.ഐയെ സഖ്യസര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും പ്രാതിനിധ്യം തരാത്ത പക്ഷം മഹാഗഡ്ബന്ധന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. എന്നാല്‍ മന്ത്രിസഭയില്‍ ചേരാന്‍ അനുമതി ലഭിച്ചാല്‍ അത് അംഗീകാരമായി കണക്കാക്കുമെന്നാണ് സി.പി.ഐ നേതാവ് അതുല്‍ കുമാര്‍ പി.ടി.ഐക്ക് നല്‍കിയ റിപ്പോര്‍ട്ട്.
‘മറ്റ് ഇടത് പാര്‍ട്ടികളുടെ തീരുമാനത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. സിപിഐ ഇന്ത്യയിലെ ഏറ്റവും വലിയ ഇടത് പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. എച്ച്.ഡി. ഗൗഡയും ഐ.കെ. ഗുജറാലും പ്രധാനമന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായി 1996 മുതല്‍ 1998 വരെ സേവനം അനുഷ്ഠിച്ചിരുന്നു.’ അതുല്‍ കുമാര്‍ അജ്ഞന്‍ പറഞ്ഞു.
ബീഹാര്‍ നിയമസഭയില്‍ രണ്ട് അംഗങ്ങളാണ് സി.പി.ഐയ്ക്കുള്ളത്. നിയമസഭാ കൗണ്‍സിലിലും സിപിഐക്ക് പ്രാതിനിധ്യമുണ്ട്.
ജെഡിയു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ എം.എല്‍, സി.പി.ഐ, സി.പി.ഐ.എം, എച്ച്.എ.എം എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 160 എം.എല്‍.എമാരാണ് മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളത്.
Content Highlight: Will join if ministries will be provided says CPI to Mahagatbandhan