ദോഹ: ഇസ്രഈലിന്റെ ഗസയിലെ ആക്രമണം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചകളും വ്യക്തതയും ആവശ്യമാണെന്ന് ഖത്തര്‍. ട്രംപിന്റെ പ്ലാനിന് ചില കുഴപ്പങ്ങളുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു.
തങ്ങള്‍ ട്രംപിന്റെ പദ്ധതി തിങ്കളാഴ്ച ഹമാസ് പ്രതിനിധികള്‍ക്ക് കൈമാറിയെന്നും പൊതുവായൊരു ചര്‍ച്ച നടത്തിയെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ പദ്ധതിയെ ക്രിയാത്മകമായി കണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നാണ് ഖത്തര്‍ പ്രതികരിച്ചത്.
‘ഈ പദ്ധതിയെ കുറിച്ച് ഹമാസിന്റെ അഭിപ്രായമെന്താണെന്ന് ഖത്തറിന് അറിയില്ല. ഈ പദ്ധതിക്ക് വേണ്ടത് ഫലസ്തീന്റെ ഭാഗത്തുനിന്നുള്ള അംഗീകാരമാണ്.
ഈ പദ്ധതിയിലൂടെ കൈവരിക്കാനുള്ള പ്രധാനലക്ഷ്യം യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. പക്ഷെ, ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ വ്യക്തതയും ചര്‍ച്ചയും ആവശ്യമാണ്’, ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുക എന്ന പോയിന്റ് ഈ പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇസ്രഈല്‍ ഗസയില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം. അതാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടതെന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഗസയിലെ വംശഹത്യ നടത്തുന്ന ഇസ്രഈലിനെ ഏറ്റവുമധികം പിന്തുണക്കുന്ന രാജ്യമാണ് യു.എസ്. ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടും ഇസ്രഈലിനെ പ്രതിരോധിക്കാനാണ് യു.എസ് ശ്രമിക്കുന്നത്.
ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴിന് ശേഷം 66000ലേറെ ഫലസ്തീനികളെയാണ് ഗസയില്‍ കൊന്നൊടുക്കിയത്. 453 പട്ടിണിമരണങ്ങള്‍ ഗസയില്‍ സംഭവിച്ചെന്ന കണക്കുകള്‍ ഇസ്രഈലിന്റെ ക്രൂരത വെളിവാക്കുന്നതാണ്.
അതേസമയം, ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തിലും ഏറ്റവുമധികം ചര്‍ച്ചയായത് ഇസ്രഈലിന്റെ ക്രൂരതകളാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ഇസ്രഈല്‍ കൊന്നൊടുക്കുന്നതിനെതിരെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ചെയ്തു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ വെച്ച് കൂക്കിവിളികളെ നേരിടേണ്ടി വന്നിരുന്നു.
Content Highlight: Will Israel withdraw from Gaza even if the war ends? Qatar wants clarity on Trump’s plan