ന്യൂദല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട സി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയ്ക്ക് മുമ്പ് തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മെട്രോ സ്‌റ്റേഷന്‍ അടച്ചിട്ടതോടെ സുപ്രീം കോടതി അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും കോടതിയിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഉച്ചഭക്ഷണ സമയത്തിനുള്ളില്‍ മെട്രോ സ്‌റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ അടച്ച് പൂട്ടല്‍ കാരണം അഭിഭാഷകര്‍ക്ക് കോടതിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ പ്രതികൂലമായ ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മെട്രോ അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ഭരണ വിഭാഗത്തോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാവുന്നതിനിടെ പതിനാറ് മെട്രോ സ്‌റ്റേഷനുകളാണ് അടച്ച് പൂട്ടിയത്.
നിരവധി വിദ്യാര്‍ത്ഥികള്‍ മെട്രോ സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം സി.ജെ.പി പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.
പൊലീസ് അതിക്രമങ്ങള്‍ അടങ്ങിയ വീഡിയോ കാണിക്കാന്‍ ശ്രമിച്ച അഭിഭാഷകനോട് തങ്ങളുടെ സമയം പാഴക്കരുതെന്നും കാണാന്‍ താത്പര്യമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം.
Content Highlight:Will intervene if the Metro does not open before noon: Chief Justice issues warning as lawyers face difficulty reaching the court.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.