കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമാകും; കുമാര്‍ സംഗക്കാര
Cricket
കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമാകും; കുമാര്‍ സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th August 2018, 10:04 pm

ബിര്‍മിങ്ങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനവുമായി കളം നിറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകുമെന്നും മുന്നോട്ടു പോകുന്തോറും കോലി ഇനിയും മെച്ചപ്പെടുമെന്നും സംഗക്കാര പറഞ്ഞു.

“കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകും. കോഹ്‌ലി കളിക്കുന്നത് ആ രീതിയിലാണ്. അദ്ദേഹം സമാനതകളില്ലാത്ത താരമാണ്
ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി മാറാനുള്ള കഴിവും പ്രാപ്തിയും അദ്ദേഹത്തിനുണ്ട്” സംഗക്കാര പറഞ്ഞു.


Read Also : ദര്‍ശന ടിവിയിലെ “കുട്ടിക്കുപ്പായം” റിയാലിറ്റി ഷോയിലെ വിജയിയെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു; സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്


 

കളിക്കളത്തിലെ പ്രകടനത്തിലും സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്യുന്നതിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലാണ് കോഹ്‌ലിയെന്നും ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലിയെന്ന് സംഗക്കാര കൂട്ടിച്ചേര്‍ത്തു.

“മുന്നോട്ടു പോകുന്തോറും കോഹ്‌ലി ഇനിയും മെച്ചപ്പെടും. സ്വയം മനസിലാക്കുകയും അതുവഴി കളി മെച്ചപ്പെടുത്താനും കോഹ്‌ലിക്കു സാധിച്ചാല്‍ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കോലിയുടെ ഫൂട്ട് വര്‍ക്ക് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2014-ല്‍ അദ്ദേഹത്തിന് തിരിച്ചടിയായത് ഈ പ്രശ്നമായിരുന്നു” സംഗക്കാര അഭിപ്രായപ്പെട്ടു.

എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തിത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മാത്രമായിരുന്നു. ആദ്യ ഇന്നിങ്സില്‍ കോലിയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് നന്നായി വിയര്‍പ്പൊഴുക്കിയിരുന്നു. കോലിയുടെ ബാറ്റിങ്ങ് ഒരു വേള മത്സരഫലത്തെ നിര്‍ണയിക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നു.

രണ്ടാം ഇ്ന്നിംങ്‌സിലും ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കളംവിട്ടപ്പോഴും പൊരുതി നിന്നത് കോഹ്‌ലി മാത്രമായിരുന്നു. 31 റണ്‍സിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്.