പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: കെ. കവിത
India
പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: കെ. കവിത
രാഗേന്ദു. പി.ആര്‍
Monday, 5th January 2026, 10:17 pm

ഹൈദരാബാദ്: പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ബി.ആര്‍.എസ് നേതാവ് കെ. കവിത. തെലങ്കാന ജാഗ്രതിയെന്ന സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി ഉയരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കവിത പറഞ്ഞു.

പാര്‍ട്ടിവിരുദ്ധ പ്രവ ർത്തനം ആരോപിച്ച് ബി.ആര്‍.എസ് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കെ. കവിത പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. 2006ല്‍ കവിതയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത സംഘടനയാണ് തെലങ്കാന ജാഗ്രതി. ഇതൊരു സാമൂഹിക-സാംസ്‌കാരിക സംഘടന കൂടിയാണ്.

സംസ്ഥാന രൂപീകരണത്തില്‍ പങ്കാളിയായ തെലങ്കാന ജാഗ്രതി ഭാവിയില്‍ രാഷ്ട്രീയപാര്‍ട്ടിയായി ഉയര്‍ന്നുവരുമെന്നാണ് കവിതയുടെ പ്രഖ്യാപനം. ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ കീഴില്‍ മത്സരിക്കുമെന്നും കവിത വ്യക്താമാക്കി.

‘ജനാധിപത്യ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിശാലമായ ഇടമുണ്ടാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബി.ആര്‍.എസിനെ തെലങ്കാനയിലെ ജനങ്ങളുടെ പാര്‍ട്ടിയായാണ് കരുതിയിരുന്നത്. എന്നാല്‍ ഒന്നിലധികം തവണയാണ് ബി.ആര്‍.എസിനാല്‍ വഞ്ചിക്കപ്പെട്ടത്. ഞങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ ബി.ആര്‍.എസ് തെരുവിലിറങ്ങിയില്ല,’ കെ. കവിത പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വത്തിന് വേണ്ടിയാണ് കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടായതെന്ന അഭ്യൂഹങ്ങള്‍ നിരാകരുണം തള്ളിയ കവിത, ആത്മാഭിമാനത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും പറഞ്ഞു. ബി.ആര്‍.എസിലെ ചില നേതാക്കള്‍ തന്നെ പ്രതികാരബുദ്ധിയോടെ ലക്ഷ്യം വെച്ചതായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും കവിത ആരോപിച്ചു.

2025 സെപ്റ്റംബര്‍ രണ്ടിനാണ് കെ. കവിതയെ ബി.ആര്‍.എസ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് മുന്നോടിയായി മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് മേധാവിയുമായ കെ. ചന്ദ്രശേഖരറാവുവിന് അന്നത്തെ എം.എല്‍.സിയും മകളുമായ കവിത എഴുതിയ കത്ത് വന്‍ വിവാദമായിരുന്നു.

കെ.സി.ആര്‍ ഒരു ദൈവമാണെന്നും എന്നാല്‍ അദ്ദേഹത്തിന് ചുറ്റും പിശാചുക്കളാണെന്നുമാണ് കെ. കവിത കത്തില്‍ പറഞ്ഞിരുന്നത്. കെ.സി.ആറിന് അയച്ച ആറ് പേജുകളുള്ള കത്തിലായിരുന്നു കവിതയുടെ പരാമര്‍ശം.

ചില ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബി.ജെ.പിയെ ഒരു പ്രായോഗിക ബദലായി കാണുന്നുണ്ടെന്നും കവിത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രസ്തുത കത്ത് പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കവിത രംഗത്തെത്തി.

കത്ത് ചോര്‍ന്നതില്‍ ചര്‍ച്ച വേണമെന്നായിരുന്നു കവിതയുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് കവിതയെ സസ്പെന്‍ഡ് ചെയ്തത്. പിന്നാലെ ബി.ആര്‍.എസില്‍ നിന്ന് രാജിവെച്ച കവിത എം.എല്‍.സി സ്ഥാനവും ഒഴിഞ്ഞിരുന്നു.

തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് 2028ലോ 2029ലോ നടക്കാനാണ് സാധ്യത.

Content Highlight: Will form a new political party and contest the upcoming assembly elections: K. Kavitha

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.