ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കും: വി.ഡി. സതീശന്‍
Kerala
ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കും: വി.ഡി. സതീശന്‍
രാഗേന്ദു. പി.ആര്‍
Friday, 6th February 2026, 1:36 pm

കാസര്‍ഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ ആരംഭിച്ചുകൊണ്ട് കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന് പിന്തുണ അറിയിച്ചിരുന്നുവെന്നും ഇത്തവണയും സമാനമായി പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വീകരിക്കുമെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

മതരാഷ്ട്ര വാദത്തെ കുറിച്ചുള്ള നിലപാട് ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കിയിട്ടുണ്ട്. ബഹുസ്വര രാഷ്ട്രീയം നിലനില്‍ക്കുന്ന ഒരു രാജ്യത്തും ഒരു സംസ്ഥാനത്തും തങ്ങള്‍ക്ക് മതരാഷ്ട്ര നിലപാടില്ലെന്നാണ് അവർ വളരെ കൃത്യമായി പറഞ്ഞിട്ടുള്ളത്.

ഇക്കാര്യം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്ര വാദത്തില്‍ ഉറച്ചുനിന്നിരുന്ന കാലഘട്ടത്തില്‍ അവര്‍ സി.പി.ഐ.എമ്മിന്റെ കൂടെയായിരുന്നുവെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ.എമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതരവാദികളും സി.പി.ഐ.എമ്മിനെ വിടുമ്പോള്‍ അവര്‍ വര്‍ഗീയവാദികളും ആകുന്നു. ആ നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോള്‍ വ്യക്തമായ നിലപാടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘ജമാഅത്തിനെ സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞ വാക്കുകളൊന്നും തന്നെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ അന്നത്തെ വീഡിയോ ഇന്നും ലഭ്യമാണ്. ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. അന്നൊക്കെ ആര്‍ക്കും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.

ജമാത്തിനെതിരായ ആരോപണങ്ങള്‍ കേരളത്തെ വിഭജിക്കാന്‍ വേണ്ടി നടത്തുന്ന പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ഒരു മതേതര സംഘടനയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരുടെ കണ്ണില്‍ മുസ്‌ലിം ലീഗിനാണ് ഏറ്റവും കുഴപ്പമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തീവ്രപക്ഷത്തോടാണ് മുസ്‌ലിം ലീഗ് പോരാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി കേരളത്തെ കുറിച്ചാണ് യു.ഡി.എഫ് സംസാരിക്കുന്നതെന്നും പുതുയുഗ യാത്ര വെറുമൊരു രാഷ്ട്രീയ യാത്രയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നഷ്ടപ്പെട്ട നമ്മുടെ കേരളത്തെ വീണ്ടെടുക്കാനുള്ള ആശയമാണതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട്, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്ന് പറഞ്ഞ വി.ഡി. സതീശന്‍ നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും പ്രതികരിച്ചു.

Content Highlight: Will accept if Jamaat-e-Islami declares support: V.D. Satheesan

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.