| Sunday, 6th July 2025, 9:38 pm

ഇംഗ്ലണ്ടിനേക്കാള്‍ വലിയ ബാസ്‌ബോള്‍ അങ്ങ് സൗത്ത് ആഫ്രിക്കയില്‍; 214 പന്തില്‍ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി, 'അരങ്ങേറ്റം' കളറാക്കി മുള്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ സിംബാബ്വന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിങ്സ് സ്‌കോര്‍ ലക്ഷ്യമിട്ട് സന്ദര്‍ശകര്‍. ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ കരുത്തിലാണ് പ്രോട്ടിയാസ് ഷെവ്‌റോണ്‍സിനെതിരെ റണ്‍മല തീര്‍ക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡോടെയാണ് മുള്‍ഡര്‍ തന്റെ ക്യാപ്റ്റന്‍സി ഡെബ്യൂ കളറാക്കുന്നത്.

നേരിട്ട 214ാം പന്തിലാണ് മുള്‍ഡര്‍ തന്റെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രോട്ടിയാസ് രണ്ടാമത് താരമെന്ന റെക്കോഡും മുള്‍ഡര്‍ സ്വന്തമാക്കി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഹെര്‍ഷല്‍ ഗിബ്‌സ് – പാകിസ്ഥാന്‍ – 211 – കേപ് ടൗണ്‍ – 2003

വിയാന്‍ മുള്‍ഡര്‍ – സിംബാബ് വേ – 214 – ബുലവായോ – 2025*

ഗ്രെയം സ്മിത് – ബംഗ്ലാദേശ് – 328 – ചാറ്റോഗ്രാം – 2008

ഗാരി കേഴ്‌സ്റ്റണ്‍ – സിംബാബ്‌വേ – ഹരാരെ – 2001

ഇതിന് പുറമെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ പട്ടികയിലും താരം ഇടം നേടിയിരുന്നു.

ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
(താരം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഹെര്‍ബി ടെയ്‌ലര്‍ – ഇംഗ്ലണ്ട് – 109 – 1913

ജാക്കി മക്ഗ്ല്യൂ – ഇംഗ്ലണ്ട് – 104* – 1955

വിയാന്‍ മുള്‍ഡര്‍ -സിംബാബ്‌വേ – 264 (ഇതുവരെ) – 2025*

അതേസമയം, മത്സരം ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 465 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 259 പന്തില്‍ 264 റണ്‍സുമായി വിയാന്‍ മുള്‍ഡറും 16 പന്തില്‍ 15 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസില്‍. 78 റണ്‍സ് നേടിയ ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടോണി ഡി സോര്‍സി, ലെസേഗോ സെനോക്വാനെ, വിയാന്‍ മുള്‍ഡര്‍ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), എസ്. മുത്തുസ്വാമി, കോര്‍ബിന്‍ ബോഷ്, പി. സുബ്രായെന്‍, കോഡി യൂസഫ്.

സിംബാബ്‌വേ പ്ലെയിങ് ഇലവന്‍

ഡിയോണ്‍ മയേഴ്സ്, തകുഡ്സ്വാന്‍ഷെ കെയ്റ്റാനോ, നിക്ക് വെല്‍ച്ച്, ഷോണ്‍ വില്യംസ്, ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), വെസ്‌ലി മധേവെരേ, തഫാഡ്സ്വ സിഗ (വിക്കറ്റ് കീപ്പര്‍), വെല്ലിങ്ടണ്‍ മസാക്ദസ, കുണ്ഡായ് മതിഗിമു, ബ്ലെസിങ് മുസാബരാനി, തനക ചിവാംഗ.

Content highlight: Wiaan Mulder becomes the second fastest better to score double century for South Africa in Tests

We use cookies to give you the best possible experience. Learn more