ന്യൂദല്‍ഹി: രാജ്യത്ത് അടുത്തിടെ പുറത്തു വന്ന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെയും അഴിമതിയാരോപണങ്ങഴള്‍ക്കെതിരെയും മൗനവ്രതം തുടരുന്ന പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മന്‍ കി ബാത്തി”ലേക്ക് ആശയങ്ങള്‍ ക്ഷണിച്ചപ്പോഴായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.
ഈ മാസം 25ന് താന്‍ നടത്തുന്ന പ്രഭാഷണത്തിലേക്ക് നിങ്ങള്‍ക്ക് ആശയങ്ങള്‍ നല്‍കാമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഫോണിലൂടെ വിളിച്ച് ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്യുകയോ നരേന്ദ്ര മോദി ആപ്പ് വഴിയോ മൈഗവ് ഡോട്ട് ഇന്‍ വഴിയോ ആശയങ്ങള്‍ കൈമാറാമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുലിന്റെ മറു ട്വീറ്റ് എത്തുകയായിരുനന്നു. “മോദിജീ, കഴിഞ്ഞമാസം താങ്കളുടെ മന്‍കി ബാത്തില്‍ നിന്നും എന്റെ നിര്‍ദേശങ്ങള്‍ ഒഴിവാക്കി. എല്ലാ ഇന്ത്യക്കാരും താങ്കളില്‍ നിന്നും എന്താണ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമായിരിക്കെ എന്തിനാണ് ഈ ആശയം ക്ഷണിക്കല്‍? 22,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ നീരവ് മോദിയെക്കുറിച്ചും, 58,000 കോടിയുടെ അഴിമതിയുള്ള റാഫേല്‍ ഇടപാടിനെക്കുറിച്ചും മന്‍കി ബാത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ മേഘാലയയിലെ തിരഞ്ഞെടുപ്പു റാലിയിലും മോദിയെ കളിയാക്കി രാഹുല്‍ രംഗത്തെത്തിയിരുന്നു. “താങ്കളുടെ അടുത്ത വിദേശയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയ നീരവ് മോദിയെ കൂടെ കൊണ്ടുവരണം, ജനങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം തിരിച്ചുകിട്ടിയാല്‍ രാജ്യം താങ്കളോടു വളരെയധികം നന്ദിയുള്ളവരായിരിക്കുമെന്നുമായിരുന്നു” രാഹുലിന്റെ പരിഹാസം.