ക്രിക്കറ്റ് ഭൂപടത്തില്‍ കുറച്ച് കാലം കൊണ്ട് തന്നെ തങ്ങളുടെ സാന്നിധ്യമടയാളപ്പെടുത്തിയവരാണ് നേപ്പാള്‍. 2024 ടി-20 ലോകകപ്പും ഏകദിന ഫോര്‍മാറ്റില്‍ നടന്ന 2023 ഏഷ്യാ കപ്പിലും നേപ്പാള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു. ചങ്ക് പറിച്ച് നല്‍കുന്ന ആരാധകരും കഴിഞ്ഞ വര്‍ഷമാരംഭിച്ച നേപ്പാള്‍ പ്രീമിയര്‍ ലീഗും ഹിമാവാന്റെ ഇടനെഞ്ചില്‍ ക്രിക്കറ്റിന്റെ വളര്‍ച്ച വേഗത്തിലാക്കുന്നുണ്ട്.
ഏകദിന സ്റ്റാറ്റസ് ലഭിച്ച നേപ്പാള്‍ നിലവില്‍ 18ാം സ്ഥാനത്താണ്. ടി-20യിലും നേപ്പാള്‍ 18ാം സ്ഥാനത്ത് തന്നെയാണ്. എങ്കിലും ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പില്‍ നേപ്പാളിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. നേപ്പാളിനേക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ഒമാനും (20), ഹോങ് കോങ്ങും (24) ഏഷ്യാ കപ്പ് കളിക്കുമ്പോഴാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
8 നേഷന്‍ ടൂര്‍ണമെന്റിലെ അഞ്ച് ടീമുകള്‍ എല്ലായ്‌പ്പോഴും സ്ഥിരമാണ്. ടെസ്റ്റ് സ്റ്റാറ്റസുള്ള ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് ഏഷ്യാ കപ്പിലേക്ക് നേരിട്ട് യോഗ്യതയുണ്ട്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെന്‍സ് പ്രീമിയര്‍ കപ്പിലൂടെയാണ് ശേഷിച്ച മൂന്ന് ടീമുകളും ഏഷ്യാ കപ്പിനെത്തുന്നത്.
ഏകദിന ഫോര്‍മാറ്റില്‍ നടന്ന 2023 മെന്‍സ് പ്രീമിയര്‍ കപ്പില്‍ വിജയിച്ച നേപ്പാള്‍ തന്നെയായിരുന്നു ഇത്തവണയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. പത്ത് ടീമുകളുടെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് നേപ്പാള്‍ ഇടം പിടിച്ചത്. ഹോങ് കോങ്, സൗദി അറേബ്യ, മലേഷ്യ, ഖത്തര്‍ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതീക്ഷിച്ചതുപോലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും അനായാസം വിജയിച്ച നേപ്പാള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നോക്ക്ഔട്ടിന് യോഗ്യത നേടി.
നോക്ക്ഔട്ടില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ യു.എ.ഇയെയാണ് നേപ്പാളിന് നേരിടാനുണ്ടായിരുന്നത്. എന്നാല്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് യു.എ.ഇ നേപ്പാളിനെ പരാജയപ്പെടുത്തി. ആറ് വിക്കറ്റിനായിരുന്നു നേപ്പാളിന്റെ തോല്‍വി.
എന്നാല്‍ തേര്‍ഡ് പ്ലേസ് പ്ലേ ഓഫില്‍ വിജയിച്ചാലും നേപ്പാളിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളോട് അനായാസം തോല്‍പ്പിച്ചുവിട്ട ഹോങ് കോങ് വീണ്ടും ക്രിക്കറ്റിലെ സര്‍പ്രൈസ് വ്യക്തമാക്കി.
നേപ്പാള്‍ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോങ് കോങ് മൂന്ന് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ നേപ്പാളിനെ വെട്ടി ഹോങ് കോങ് ഏഷ്യാ കപ്പിനും ടിക്കറ്റെടുത്തു.
Content Highlight: Why Nepal is not part of Asia Cup 2025?